ക്രൂനെക്ക് ടീഷര്‍ട്ടിട്ട് കൈയും വീശി ലണ്ടനില്‍ നടക്കുന്നത് ആരാണെന്നറിയാമോ

ലണ്ടന്‍: കുതിരകളോടുള്ള കമ്പമാണ് ഈ വിഐപിയെ ലണ്ടനിലെത്തിച്ചതെങ്കില്‍ ഈ വരവില്‍ അദ്ദേഹം ആസ്വദിച്ചത് ആളും അകമ്പടിയുമില്ലാതെ തെരുവുകളില്‍ നടക്കുന്നതിന്റെ അനുഭവമായിരിക്കും. ആരാണീ വിഐപി എന്നോ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എന്തായാലും ഈ നടപ്പിന്റെ ചിത്രം നാടെങ്ങും വൈറലായിരിക്കുകയാണ്. വെറും ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച് മറ്റു രാജകുടുംബാംഗങ്ങളോടൊപ്പമാണ് ഷെയ്ഖിന്റെ നടത്തം. പേരിന് ഏതാനും അംഗരക്ഷകര്‍ മാത്രമാണ് കൂടെയുള്ളത്. ആരെങ്കിലും തിരിച്ചറിയുന്നുണ്ടോയെന്നു പോലും സംശയം.
ഗ്ലോബല്‍ ചാമ്പ്യന്‍സ് അറേബ്യന്‍ ടൂറില്‍ പങ്കെടുക്കുന്നതിനാണ് രാജകുടുംബം ലണ്ടനില്‍ എത്തിയത്. ഏറ്റവും മികച്ച അറേബ്യന്‍ കുതിരകളും അവയുടെ ഉടമകളും പങ്കെടുക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് ഗ്ലോബല്‍ ചാമ്പ്യന്‍സ് അറേബ്യന്‍ ടൂര്‍. ആദ്യമായാണ് ലണ്ടനില്‍ ഈ ചാമ്പ്യന്‍ഷിപ്പ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് പതിനാലിനാണ് മത്സരം ആരംഭിച്ചത്. പതിനെട്ടിനു സമാപിക്കും. റോയല്‍ ഹോസ്പിറ്റല്‍ ചെല്‍സിയാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയര്‍.