ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്-ബിജെപി സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍. വിജയം ഉറപ്പ്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് കളത്തില്‍ മുന്നേയിറങ്ങി ബിജെപി. സ്ഥാനാര്‍ഥിയായി നിലവിലെ മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ വെളിപ്പെടുത്തി. സെപ്റ്റംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. തമിഴ്‌നാട് സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. എല്ലാ പാര്‍ട്ടികളും ഏകകണ്ഠമായി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നു നദ്ദ പറഞ്ഞു. രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണയ്ക്കായി പ്രതിപക്ഷ കക്ഷികളെ സമീപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യസഭയിലും ലോക്‌സഭയിലും എന്‍ഡിഎയ്ക്കു ഭൂരിപക്ഷമുള്ളതിനാല്‍ രാധാകൃഷ്ണന്‍ തന്നെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്ത്യാമുന്നണി ഇന്നു യോഗം ചേരാനാണ് ആലോചിക്കുന്നത്.