ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞതു പോലെ തന്നെ മാധ്യമങ്ങളെ കണ്ടു, തലേന്നത്തെ പത്രക്കുറിപ്പില്‍ പറഞ്ഞതിനപ്പുറമൊന്നും പറഞ്ഞുമില്ല. ഞായറാഴ്ച പത്രസമ്മേളനമുണ്ടായിരിക്കെ ശനിയാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് വിതരണം ചെയ്തിരുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു പോലെയാണെന്ന പ്രഖ്യാപനവും രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചുവെന്ന ആരോപണവും-മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മാധ്യമ സമ്മേളനം ചുരുക്കത്തില്‍ ഇത്രമാത്രമായി മാറി.
പത്ര സമ്മേളനത്തില്‍ നിന്ന് – തിരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെയാണ് ചില രാഷ്ട്രീയ പാര്‍ട്ടികളോടു വിവേചനം കാണിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനു പക്ഷമില്ല. എല്ലാവരും കമ്മീഷന് ഒരു പോലെയാണ്. ചിലര്‍ പരിഭ്രാന്തി പരത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. വോട്ടുകൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതി നിര്‍ദേശമുണ്ട്. ചിലര്‍ വോട്ടര്‍മാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു.
ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സെപ്റ്റംബര്‍ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും കമ്മീഷനോടു സഹകരിച്ചു പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളില്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്. എല്ലാ വോട്ടര്‍മാരും രാഷ്ട്രീയ കക്ഷികളും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടിങ് നടക്കുന്ന ദിവസം മുതല്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയായി നാല്പത്തഞ്ച് ദിവസം വരെ പരാതിയുമായി കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. ഇത്രയും കാലത്തിനിടയില്‍ എന്തുകൊണ്ടു പരാതി നല്‍കിയില്ല. ഇത്രയും നാള് ഒന്നും ചെയ്യാതെയിരുന്നതിനു ശേഷം ഇപ്പോള്‍ പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യം എന്താണ്. കര്‍ണാടകയിലും കേരളത്തിലും നിന്ന് ഉയരുന്ന പരാതികളും അടിസ്ഥാനരഹിതമാണ്. ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
പത്രസമ്മേളനം കഴിഞ്ഞതോടെ ഫലത്തില്‍ സംഭവിച്ചിരിക്കുന്നത് ഇങ്ങെയാണ്. പത്രക്കാരെ കണ്ടെന്നു വരുത്തി. രാഹുല്‍ പറഞ്ഞതിനു മറുപടി പറഞ്ഞെന്നു വരുത്തി. എന്നാല്‍ വളരെ കാതലായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കെ അതിന്മേല് എന്തു പരിഹാരക്രിയയാണ് നടക്കാന്‍ പോകുന്നതെന്നോ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ ഭാവിയില്‍ എന്തു ചെയ്യുമെന്നോ തുടങ്ങിയ കാതലായ ഒരു കാര്യത്തെയും സ്പര്‍ശിക്കാതെ പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
ഇത്രയുമൊക്കെ പറയാനായിരുന്നോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
