അടൂര്‍: ഒരു ആടിന്റെ പേരില്‍ എന്തെല്ലാം മെച്ചമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ കണ്ണൂരില്‍ നിന്നുള്ള യുവാവ്. അങ്ങനെയുള്ള മെച്ചമെടുത്താല് എന്തു സംഭവിക്കുമെന്നു കാണിച്ചിരിക്കുകയാണ് തെക്കന്‍ കേരളത്തില്‍ അടൂരിലെ പോലീസ്.
സംഭവം ഇങ്ങനെ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ അഖില്‍ അശോകന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നു, ആടിനെ വില്‍ക്കാനുണ്ടെന്ന്. പോസ്റ്റിനൊപ്പം സ്വന്തം ഫോണ്‍ നമ്പരും കൊടുക്കുന്നു. പത്തനംതിട്ട ജില്ലയിലെ അടൂരിലുള്ള വിധവയായ യുവതി ആടുവളര്ത്തിയെങ്കിലും രക്ഷപെടാമല്ലോ എന്ന ചിന്തയില്‍ ആടിനായി ആ നമ്പരില്‍ വിളിക്കുന്നു. അതൊരു ‘നമ്പരാ’യിരുന്നെന്ന് അവരുണ്ടോ അറിയുന്നു. ചൂണ്ടയില്‍ ഒരാള്‍ കൊത്തിക്കിട്ടിയതോടെ അഖില്‍ വിടാതെ പിന്നാലെ കൂടുന്നു. അങ്ങനെ ആടുവഴിയൊരു ബന്ധം വളരുന്നു. അഖില്‍ അടൂരിലെത്തുന്നു, യുവതിയുമായി കൂടുതല്‍ അടുക്കുന്നു. ഒടുവില്‍ യുവതി ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിക്കാനായി ശ്രമം. എന്നാല്‍ അതില്‍ പരാജയം. ഇത്രയുമായപ്പോള്‍ വടക്കു നിന്നു വന്നവന് വടക്കോട്ടു തന്നെ പോയി. യുവതിയാകട്ടെ പോലീസ് സ്റ്റേഷനിലേക്കും പോയി. ഒടുവില്‍ അടൂര്‍ പോലീസ് കണ്ണൂരിലെത്തി ആടുശ്രീമാനെ പൊക്കിയിരിക്കുകയാണ്.
വടക്കു നിന്നു തെക്കെത്തി സമ്മാനിച്ചത് ഗര്‍ഭം, എല്ലാം ഒരു ആടിന്റെ പേരില്‍
