തിരുവനന്തപുരം: സംസ്ഥാന ടോഡി ബോര്‍ഡ് ഷാപ്പുകളുടെ മുഖശ്രീയും തലവരയും മാറ്റാനുള്ള തയാറെടുപ്പിലാണ്. എന്തൊക്കെയാണ് വരാന്‍ പോകുന്ന മാറ്റങ്ങളെന്നറിയേണ്ടേ. ബാറുകളെപ്പോലെ ഷാപ്പുകള്‍ക്കും ഫൈവ്സ്റ്റാര്‍, ത്രീസ്റ്റാര്‍ പദവിയാണ് ക്ലാസിഫിക്കേഷനുസരിച്ച് നല്കാന് പോകുന്നത്. ഇതിനായി സ്ഥലസൗകര്യമുള്ളവരില് നിന്നു ടോഡി ബോര്‍ഡ് താല്പര്യപത്രം ക്ഷണിച്ചു. തല്ക്കാലം ടൂറിസം കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും ഇത്തരം സ്റ്റാര്‍ ഷാപ്പുകള്‍ വരിക. ഷാപ്പിനൊപ്പം റസ്റ്റോറന്റുമുണ്ടായിരിക്കുമെങ്കിലും രണ്ടും രണ്ടായിത്തന്നെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. രണ്ടിനു വെവ്വേറെ വാതിലും വേണം.
ഇങ്ങനെ സ്റ്റാര്‍ ഷാപ്പ് തുടങ്ങാന്‍ സ്വന്തമായി സ്ഥലം വേണമെന്നില്ല. വാടകയ്ക്കോ പാട്ടത്തിനോ നല്ല ലൊക്കേഷനില്‍ സ്ഥലം കിട്ടിയാലും മതി. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ചുരുങ്ങിയത് 20 സീറ്റും 400 ചതുരശ്രയടി വിസ്തീര്‍ണവും ഷാപ്പുകള്ക്കുണ്ടായിരിക്കണം. ബോര്‍ഡ് പറയുന്ന ഭക്ഷണം മാത്രമാണ് വിളമ്പാന്‍ അനുവാദമുള്ളത്. അബ്കാരി നിയമപ്രകാരം ഷാപ്പു നടത്താന്‍ ആവശ്യമുള്ളത്ര തെങ്ങുകള്‍ ഷാപ്പിനു വേണം. എന്നാല്‍ വേണ്ടത്ര തെങ്ങില്ലെങ്കില്‍ ബോര്‍ഡ് ഇടപാടു ചെയ്തു തരും. റസ്റ്റോറന്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കു കളിസ്ഥലം ക്രമീകരിക്കുകയും വേണം. പരിശീലനം കിട്ടിയ തൊഴിലാളികളാണ് ഓരോ ഷാപ്പിലുമുണ്ടാകേണ്ടത്. ബോര്‍ഡ് തന്നെ പരിശീലനം ക്രമീകരിക്കുകയും ചെയ്യും
ഒരുനാള്‍ ഷാപ്പും ബാറിനെപ്പോലെ… കള്ളുഷാപ്പുകള്‍ വേറൊരു ലെവലാകാന്‍ പോകുന്നു
