കൂലിക്കു വാരിക്കോരി നെഗറ്റിവ് റിവ്യൂ, ഇതു വല്ലതും ബോക്‌സ്ഓഫീസില്‍ അറിയുമോ

ചെന്നൈ: ലോകേഷ് കനകരാജ് പടങ്ങളില്‍ ഏറ്റവുമധികം നെഗറ്റിവ് റിവ്യൂവും ട്രോളും കിട്ടിയ പടം ഏതെന്നു ചോദിച്ചാല്‍ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ കൂലി എന്നു തന്നെയായിരിക്കും ഉത്തരം. എന്നാല്‍ നെഗറ്റിവ് റിവ്യൂ ഒന്നും തന്നെ ഏശാതെ ബോക്‌സ് ഓഫീസ് പൊളിക്കുകയാണ് ഈ പടം എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ കാണിക്കുന്നത്. പുറത്തിറങ്ങി വെറും മൂന്നു ദിവസം മാത്രം പിന്നിട്ടിരിക്കെ കൂലിയുടെ കളക്ഷന്‍ മുന്നൂറു കോടി കടന്നിരിക്കുന്നുവത്രേ. തമിഴില്‍ ഈ വര്‍ഷം മൂന്നു ദിവസം കൊണ്ട് മുന്നൂറു കോടി ക്ലബ്ബിലെത്തിയ ആദ്യ പടവും കൂലി തന്നെ. ഒന്നാം ദിവസം തന്നെ വേള്‍ഡ് വൈഡ് കളക്ഷന്‍ പോയത് 151 കോടിയിലേക്കാണ്.
സണ്‍ പികചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച കൂലിയുടെ സംവിധാനം ബോക്‌സ്ഓഫീസ് സ്‌പെഷലിസ്റ്റ് ലോകേഷ് കനകരാജാണ്. ലോകേഷിന്റെ തന്നെ ലിയോയുടെ ആദ്യമൂന്നു ദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ കൂലി ഭേദിച്ചു കഴിഞ്ഞു. സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെയാണ കൂലിയില്‍ അണിനിരന്നിരിക്കുന്നത്. രജനികാന്തിനു പുറമെ ബോളിവുഡ് താരം ആമിര്‍ ഖാന്‍, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന, കന്നട സൂപ്പര്‍ താരം ഉപേന്ദ്ര, എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നു സൗബിന്‍ ഷാഹിറും ഇതിലുണ്ട്. സൗബിന്റെ ആദ്യവസാനം പ്രത്യക്ഷപ്പെടുന്ന പ്രകടനത്തിന് ഏറെ പ്രശംസയാണ് കിട്ടുന്നത്. മലയാള നടി റെബ മോണിക്ക ജോണും ഇതില്‍ വേഷമിടുന്നുണ്ട്. ശ്രുതി ഹാസന്‍, പൂജ ഹെഗ്‌ഡേ തുടങ്ങിയവരാണ് പ്രധാന വനിതാ താരങ്ങള്‍.