ജിദ്ദയിലേക്ക് കൊച്ചുവിമാനം പറത്താന്‍ സൗദിയ തയാര്‍, യാത്ര ലാഭം, പക്ഷേ

കോഴിക്കോട്: പ്രവാസി യാത്രക്കാര്‍ ഏറെയുള്ള ജിദ്ദ, റിയാദ് സെക്ടറിലേക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 180 സീറ്റുകള്‍ മാത്രമുള്ള ചെറിയ വിമാനം പറത്താന്‍ സൗദി എയര്‍ലൈന്‍സ് തയാര്‍. ഒക്ടോബര്‍ മുതല്‍ വിമാന സര്‍വീസ് ആരംഭിക്കാനാണ് സൗദിയയുടെ തീരുമാനം. ആകെക്കൂടി ഇതിനു തടസമായി നില്‍ക്കുന്നത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവിള്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്നതാണ്. എയര്‍ പോര്‍ട്ട് അതോറിറ്റി പച്ചക്കൊടി കാട്ടിയതോടെ ഈ അനുമതിയും വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള അധികൃതര്‍. എന്തായാലും ഒക്ടോബറില്‍ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളില്‍ സൗദിയുടെ വിമാന സര്‍വീസും ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതും 180 സീറ്റിന്റെ ചെറിയ വിമാനമാണ്. യാത്രാതിരക്ക് ഈ റൂട്ടില്‍ ഏറെയാണെങ്കിലും അധികം പേര്‍ക്കും നെടുമ്പാശേരിയെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. സൗദിയ കൂടി വരുന്നതോടെ ഈ അവസ്ഥയ്ക്കായിരിക്കും മാറ്റമുണ്ടാകുക.
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ദിവസവും സര്‍വീസ് ഉണ്ടെങ്കിലും റിയാദ് വിമാനത്താവളം വഴി കണക്ടിങ് വിമാനത്തില്‍ വേണം പോകാന്‍. ഇതുമൂലം കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കുള്ള സര്‍വീസിനെക്കാള്‍ 40000 രൂപ അധികമാണ് കൊച്ചിയില്‍ നിന്നുള്ള ചാര്‍ജ്. അതിനു പുറമെ നാലു മണിക്കൂറോളം അധികം യാത്ര ചെയ്യേണ്ടതായും വരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കുറച്ചെങ്കിലും പരിഹാരമാകും സൗദിയയുടെ വരവ്.