പുരപ്പുറത്തെ സോളാര്‍ പദ്ധതി കെഎസ്ഇബിയുടെ ചതിക്ക് ബദല്‍ ഇതാ വരുന്നു

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വാക്കു കേട്ട് പുരപ്പുറത്തു സോളാര്‍ പാനലുകള്‍ വച്ചവര്‍ക്കു കിട്ടിയ എട്ടിന്റെ പണിക്ക് അന്ത്യമാകുന്നു. കേന്ദ്ര സഹായത്തോടെ വന്‍കിട ബാറ്ററി സ്‌റ്റോറേജ് പദ്ധതികള്‍ സംസ്ഥാനത്ത് നാലിടത്തു സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 900 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ സ്റ്റോറേജ് പദ്ധതിയില്‍ അതതു മേഖലകളിലെ പുരപ്പുറ സോളാറുകാര്‍ക്ക് തങ്ങളുടെ വൈദ്യുതി സൂക്ഷിക്കാന്‍ നല്‍കാം.
മൊത്തം ചെലവിന്റെ 270 കോടി കേന്ദ്രം വഹിക്കുമ്പോള്‍ ശേഷിക്കുന്ന തുക പൊതുമേഖലയിലെ ജലവൈദ്യുത കമ്പനിയായ എന്‍എച്ച്പിസി വഹിക്കും. ജലവൈദ്യുത പദ്ധതികള്‍ക്കു പുറമെ സോളാര്‍ മുതലായ മേഖലകളിലേക്കു കൂടി എന്‍എച്ച്പിസി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് ഇതില്‍ ഒരു റോളുമില്ല, ഒരു ബാധ്യതയുമില്ല. വേണമെങ്കില്‍ യൂണിറ്റിന് 4.61 രൂപ നിരക്കില്‍ ഇതില്‍ നിന്നു വൈദ്യുതി വാങ്ങാമെന്നു മാത്രം. അടുത്ത വര്‍ഷം വേനലിനു മുമ്പായി പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലെ ശ്രീകണ്ഠാപുരത്തും തിരുവനന്തപുരത്തെ പോത്തന്‍കോട്ടും മലപ്പുറത്തെ അരീക്കോടും കാസര്‍കോട്ടെ മുള്ള്യേരിയിലുമാണ് പദ്ധതി വരുന്നതെന്നറിയുന്നു.
പുരപ്പുറ പദ്ധതിയില്‍ നിന്ന് പകല്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി വാങ്ങിയ ശേഷം രാത്രിയില്‍ തിരികെ നല്‍കുമെന്നായിരുന്നു സംസ്ഥാനത്ത് പദ്ധതി തുടങ്ങിയ സമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കെഎസ്ഇബി കാലുമാറിയതോടെ സോളാര്‍ വച്ചവരൊക്കെ ബാറ്ററി കൂടി വയ്‌ക്കേണ്ട അവസ്ഥയിലെത്തിയിരുന്നു. അതിനാണ് ഈ കേന്ദ്ര നീക്കത്തോടെ അവസാനമാകുന്നത്. നാലു മണിക്കൂര്‍ തുടര്‍ച്ചയായോ അല്ലാതെയോ വൈദ്യുതി കൊടുക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ വന്‍കിട പദ്ധതിയാണിത്.