ജയില്‍ കയറിയും പ്രേമിച്ചവന്‍ ജീവിതമായപ്പോള്‍ എന്തിനീ കടുംകൈ

മലപ്പുറം: പ്രേമിച്ച പെണ്ണിനു വേണ്ടി ജയിലില്‍ പോകാന്‍ പോലും തയാറായ യുവാവ് കുടുംബജീവിതം തുടങ്ങി രണ്ടു മാസമായപ്പോഴേ വിഷം കഴിച്ചു മരിച്ചു. ഇതു കണ്ട ഭാര്യ ഒരു കഷണം കയറിലും ജീവനൊടുക്കി. ഇതിനുവേണ്ടിയായിരുന്നോ ഇത്ര കഷ്ടപ്പെട്ട് താലിച്ചരട് വരെ പ്രണയത്തെ എത്തിച്ചതെന്ന ചോദ്യം മാത്രം ബാക്കി. മലപ്പുറം ജില്ലയുടെ മലയോര മേഖലയായ മണലോടി സ്വദേശിയായ രാജേഷും ഭാര്യ അമൃതയുമാണ് ശനിയാഴ്ച ജീവനൊടുക്കിയത്.
ഇവര്‍ ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഇഷ്ടപ്പെടാതിരുന്ന അമൃതയുടെ വീട്ടുകാര്‍ രാജേഷിനെതിരേ കേസുകൊടുക്കുകയും പോക്‌സോ വകുപ്പു പ്രകാരം പോത്തുകല്ല് പോലീസ് കേസെടുത്ത് രാജേഷിനെ ജയിലിലടയ്ക്കുകയും ചെയ്തു. എന്നിട്ടും പ്രേമം കുറഞ്ഞില്ലെന്നു മാത്രമല്ല, അമൃതയ്ക്ക് 18 വയസു തികഞ്ഞപ്പോള്‍ മൂന്നു മാസം മുമ്പ് വിവാഹം കഴിക്കുകയും ചെയ്തു. പന്തല്‍പണിക്കാരനായിരുന്നു രാജേഷ്. ഇന്നലെ പണിക്കു പോയിരുന്നില്ല. ഇരുവരും തമ്മില്‍ ചില്ലറ കലഹങ്ങള്‍ പതിവായിരുന്നതായി വീട്ടുകാര്‍ പറയുന്നു. എന്തായാലും ബന്ധുവീട്ടില്‍ പോയിരുന്ന അമൃത തിരിച്ചുവരുമ്പോള്‍ രാജേഷ് മരിച്ചു കിടക്കുന്നതാണ് കാണുന്നത്.
ഇതോടെ ഭയന്നു പോയ അമൃത രാജേഷിന്റെ അമ്മയെ വിളിച്ചു വരുത്തി. അമ്മയാകട്ടെ അയലത്തുകാരെ വിളിക്കാന്‍ പോയപ്പോള്‍ അമൃത ഒരു കയറെടുത്ത് അതില്‍ ജീവനൊടുക്കുകയും ചെയ്തു. നാട്ടുകാര്‍ക്ക് ഒരൊറ്റ ചോദ്യമേ ഇപ്പോഴുള്ളൂ. ഇതിനായിരുന്നോ രണ്ടുപേരും കഷ്ടപ്പെട്ട് ജീവിതം തുടങ്ങിയത്.