സിഡ്നി: പ്രധാനമന്ത്രി ആന്തണി അല്‍ബനീസി അടുത്തകാലത്തൊന്നും എയറില്‍ നിന്നിറങ്ങുന്ന ലക്ഷണമില്ല. ഇല്ലാത്ത പലസ്തീനെ അംഗീകരിക്കുന്നതായ അല്‍ബനീസിയുടെ പ്രഖ്യാപനം ഹമാസില്‍ നിന്നു വേണ്ടുവോളം കൈയടി വാങ്ങിയിരിക്കാം, എന്നാല്‍ സ്വന്തം കാല്ക്കീഴില് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു നാട്ടുകാരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയിലെ തന്നെ ആദിമ ജനതയായ അബോറിജിലുകളുടെ കാര്യത്തിലില്ലാത്ത പ്രേമം അങ്ങുദൂരെയുള്ള പലസ്തീനോടെന്തിന് എന്നു ചോദിക്കുന്നവര്‍ മുതല്‍ ജനങ്ങളെ രണ്ടു തട്ടിലാക്കി കാര്യം കാണുകയാണ് അല്ബനീസിയെന്നു പറയുന്നവര്‍ വരെയുണ്ട്. ഇതിനിടെ ഹമാസ് അനുകൂലികള്‍ ഓസ്ട്രേലിയന്‍ തെരുവില്‍ പ്രകടനമായി ഇറങ്ങുകയും പതാക കത്തിക്കുകയും കൂടി ചെയ്തതോടെ മൂക്കത്തു വിരല്‍ വച്ചു പോകുന്നവരാണ് സാധാരണ പൗരന്മാര്. രണ്ടു വര്‍ഷം മുമ്പത്തെ വോയ്സ് പോലൊയൊരു റഫറണ്ടം ഒന്നുകൂടി വച്ചാല്‍ പഴയതിനെക്കാള്‍ ഭീകരമായി അല്‍ബനീസി എട്ടു നിലയില്‍ പൊട്ടുകയേ ഉള്ളൂവെന്നാണ് മിക്കവരും പറയുന്നത്.
കാര്യമൊക്കെ ശരിയാണ്, ലോകത്തു മുഴുവന്‍ സമാധാനം വേണം. എന്നാല്‍ അതിലും കൂടുതലായി നമ്മളൊക്കെ ആഗ്രഹിക്കേണ്ടത് സ്വന്തം വീട്ടില്‍ എല്ലാവരും ചേര്‍ന്നു പോകണമെന്നല്ലേ. എങ്ങനെയാണ് സ്വന്തം നാട്ടില്‍ സമാധാനക്കേടുണ്ടായതെന്ന് അല്‍ബനീസി ആലോചിച്ചിട്ടുണ്ടോ. ലോകത്തൊരിടത്തും ഇല്ലാത്ത പലസ്തീന്റെ പേരില്‍ അനാവശ്യമായി പക്ഷം പിടിച്ചപ്പോഴല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ വരെ ചോദ്യം കാര്യങ്ങളുടെ കിടപ്പുവശം വ്യക്തമാക്കുന്നതാണ്. അല്ബനീസിയെ ജനം എയറില്‍ നിന്നിറക്കണമെങ്കില് നിലപാട് മയപ്പെടുത്തിയേ മതിയാകൂ എന്നതില്‍ ഭൂരിപക്ഷത്തിനും സംശയമില്ല.
ഈ ‘പഞ്ചായത്തില്‍’ പലസ്തീനെന്തു കാര്യം, അല്‍ബനീസി എയറിലാകുമ്പോള്‍

