ബെംഗളൂരു: പ്ലാസ്റ്റിക്കിന്റെ ഫ്‌ളോര്‍ മാറ്റ് നിര്‍മാണയൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന മൂന്നുനിലക്കെട്ടിടത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ തീപിടുത്തം. അഞ്ചു പേര്‍ മരിച്ചു. താഴത്തെ നിലയില്‍ വ്യവസായ യൂണിറ്റും മുകള്‍ നിലകളില്‍ വീടുകളുമായിരുന്നു കെട്ടിടത്തിനുണ്ടായിരുന്നത്. വീടുകളിലൊന്നില്‍ താമസിച്ചിരുന്ന മദന്‍കുമാര്‍, ഭാര്യ സംഗീത, മക്കളായ നിതേഷ്, വിഹാന്‍ എന്നിവരും അയല്‍ വീട്ടിലെ സുരേഷ്‌കുമാര്‍ എന്നയാളുമാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. മറ്റു വീടുകളില്‍ താമസിച്ചിരുന്നവര്‍ അടുത്ത കെട്ടിടത്തിലേക്ക് ചാടി രക്ഷപെട്ടതിനാലാണ് അവര്‍ക്കു ജീവന്‍ രക്ഷിക്കാനായത്.
സിറ്റിയില്‍ ഇടുങ്ങിയ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ താഴത്തെ നിലയില്‍ മാറ്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വന്‍തോതില്‍ ശേഖരിച്ചിരുന്നു. അതിനാണ് തീപിടിച്ചത്. റോഡിന്റെ വീതിക്കുറവും പ്ലാസ്റ്റിക് കത്തിയതിന്റെ കടുത്ത പുകയും കാരണം രക്ഷാപ്രവര്‍ത്തകര്‍ ഏറെ ക്ലേശിച്ചു. പത്തു മണിക്കൂര്‍ നീണ്ട അധ്വാനത്തിനു ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്ക് മരിച്ചവരെല്ലാം കത്തിക്കരിഞ്ഞു പോയിരുന്നു.
ബെംഗളൂരുവില്‍ പ്ലാസ്റ്റിക് മാറ്റ് യൂണിറ്റില്‍ തീപിടുത്തം, അഞ്ചു മരണം
