ലിവര്‍പൂള്‍: വെറും പത്തു വയസാണെങ്കിലെന്ത്, ബോധന ശിവാനന്ദന് കരുനീക്കിയത് ചരിത്രത്തിലേക്കല്ലേ. ഈ മിടുക്കിക്കുട്ടിക്കു മുന്നില്‍ ചരിത്രം വഴിമാറുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇന്നുവരെയുള്ള ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ലോകത്തിലെ ഒരു ഗ്രാന്‍ഡ് മാസ്റ്ററെ ചെസില്‍ തോല്പിക്കുന്ന പെണ്‍കുട്ടിയായി ബോധന മാറി. ലിവര്‍പൂളില്‍ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗാന്‍ഡ് മാസ്റ്റര്‍ പീറ്റേ വെല്‍സിനെയാണ് ബോധന കീഴടക്കിയത്. വെല്‍സിനു പ്രായം അറുപതു വയസ്. അതായത് ബോധനയെക്കാള് അരനൂറ്റാണ്ട് പ്രായം കൂടുതല്‍.
ഈ വിജയത്തിലൂടെ ബോധന തിരുത്തിയത് അമേരിക്കന്‍ ബാലികയായ കരീസ യിപ്പിന്റെ റെക്കോര്‍ഡാണ്. സ്വപ്നതുല്യമായ നേട്ടം കൈവരിക്കുമ്പോള്‍ യിപ്പിനു പ്രായം പത്തു വയസും പതിനൊന്നു മാസവുമാണെങ്കില്‍ ബോധനയ്ക്കിപ്പോള് പത്തു വയസും അഞ്ചുമാസവുമാണ് പ്രായം. അഞ്ചുമാസത്തിന്റെ ഇളപ്പത്തില്‍ റെക്കോര്‍ഡ് കൂടെപ്പോന്നു. ഈ വിജയത്തോടെ ബോധനയ്ക്കു പുതിയൊരു അംഗീകാര നാമവും കിട്ടി-വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍. ചെസില്‍ വനിതകള്‍ക്കു ലഭിക്കുന്ന ഏറ്റവും ഉന്നത പദവിയായ വുമണ്‍ ഗ്രാന്‍ഡ് മാസ്റ്ററിന്റെ തൊട്ടു താഴെയുള്ള പദവിയാണിത്.
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പുരുഷ വിഭാഗത്തിലെ ഗ്രാന്‍ഡ് മാസ്റ്ററെ തോല്പിക്കുന്നതിന്റെ റെക്കോര്‍ഡും ഒരു ഇന്ത്യന്‍ ബാലന്റെ പേരിലാണ്. സിംഗപ്പൂരില്‍ താമസമാക്കിയിരിക്കുന്ന അശ്വന്ത് കൗശിക്കാണ് എട്ടു വയസും ആറുമാസവും പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജെസിക്ക് സ്റ്റോപ്പയെയാണ് തോല്പിച്ചത്.
പത്താം വയസില്‍ ഇന്ത്യന്‍ ബാലികയുടെ ലണ്ടനിലെ നേട്ടം അടിപൊളി
