അക്ഷയതൃതീയ അല്ലെങ്കിലും സ്വര്‍ണം വാങ്ങാന്‍ ഇന്നു നല്ല ദിവസം

തിരുവനന്തപുരം: കര്‍ക്കിടകം തീര്‍ന്നു കേരളത്തില്‍ കല്യാണ മാസമായ ചിങ്ങം നാളെ പിറക്കുന്നതിനൊപ്പം സ്വര്‍ണം ഇന്നേ വാങ്ങിയാലും തെറ്റൊന്നുമില്ല. കാരണമെന്തെന്നോ, ഒരാഴ്ചയിലധികമായി തുടരുന്ന വിലയിടിവ് ഇന്നാണ് ഏറ്റവും കരുത്താര്‍ജിച്ചത്. ഒരു പവന് ഇന്നു മാത്രം കുറഞ്ഞത് 80 രൂപ. ഒരു പവന്റെ ഇന്നത്തെ വില 74,240 മാത്രം. കഴിഞ്ഞ രണ്ടു ദിവസമായി വില അനക്കമില്ലാതെ തുടരുകയായിരുന്നു. വാരാന്ത്യമായ ഇന്ന് പക്ഷേ, വിലയിടിവിന്റെ ട്രെന്‍ഡ് തന്നെ തുടര്‍ന്നു. ഈ മാസത്തിന്റെ തുടക്കം സ്വര്‍ണത്തിന്റെ വിലക്കയറ്റം പ്രകടമാക്കിയുള്ളതായിരുന്നെങ്കില്‍ പിന്നീട് മെല്ലെ ഇറക്കം ആരംഭിച്ചു.
ഓഗസ്റ്റ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. പവന് 75760 രൂപയും ഗ്രാമിന് 9470 രൂപയും. ഇതേ ട്രെന്‍ഡി ഇനിയും തുടരുമോയെന്ന് ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ല. അനുകൂലമായും എതിരായുമുള്ള ഘടകങ്ങളുണ്ടെന്നു മാത്രം പറയുന്നു. ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം കുറയുന്നതിനാല്‍ ആള്‍ക്കാര്‍ നിക്ഷേപമായി സ്വര്‍ണം വാങ്ങിയാല്‍ വില ഉയരാം. എന്നാല്‍ അമേരിക്കയിലെയും ഇന്ത്യയിലെയും ചില്ലറ വില്‍പന രംഗത്തെ പണപ്പെരുപ്പം കുറഞ്ഞതിനാല്‍ വില താഴുകയും ചെയ്യാം. ആകെ ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നത് ഇന്നു വില കുറഞ്ഞുവെന്നു മാത്രം.