കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ താമസസ്ഥലത്തു കാണപ്പെട്ട സംഭവത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ നിരാകരിച്ച് ഭാര്യ മഞ്ജു നല്‍കിയ പുനരന്വേഷണ ഹര്‍ജിയില്‍ ഇനി പോലീസിന് റിപ്പോര്‍ട്ട് വൈകിപ്പിക്കാനാവില്ല. ഇന്നെങ്കിലും പോലീസിന്റെ റിപ്പോര്‍ട്ട് കോടതിയിലെത്തിയേ തീരൂ. റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന ദിവസമാണിന്ന്. അല്ലാത്ത പക്ഷം തീയതി നീട്ടിച്ചോദിച്ച് പോലീസ് കോടതിയിലെത്തണം. അത് കോടതി സമ്മതിക്കാന്‍ സാധ്യത തീരെ കുറവാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ആദ്യം പരിഗണനയ്‌ക്കെടുത്തപ്പോഴാണ് പോലീസിനോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടത്.
പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകളാണ് അക്കമിട്ടു മഞ്ജു കോടതി മുമ്പാകെ സമര്‍പ്പിച്ചത്. ഈ കുറ്റപത്രം സ്വീകരിക്കരുതെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സംഘത്തിന്റെ കുറ്റപത്രത്തില്‍ പ്രതിക്കു രക്ഷപെടാന്‍ പഴുതുകകളേറെയെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ കുറ്റപത്രത്തില്‍ ശ്രമമുണ്ടായിരുന്നതായി അതു സമര്‍പ്പിച്ചപ്പോഴേ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്.
വീണ്ടും അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തോടു പോലീസ് യോജിക്കാന്‍ അശേഷം സാധ്യതയില്ല. അത്രയേറെ രാഷ്ട്രീയമായ ഇടപെടലുകളും പ്രത്യാഘാതങ്ങളും ഉണ്ടാകുന്ന കേസാണിത് എന്നതു തന്നെ ഈ നിഗമനത്തിനു കാരണം.
നവീന്‍ ബാബുവിന്റെ മരണം പോലീസ് റിപ്പോര്‍ട്ട് വൈകിപ്പിക്കുമോ
