പുടിനും ട്രംപും മൂന്നുമണിക്കൂര്‍ കൂടിയിരുന്നിട്ട് അലാസ്‌കയില്‍ സംഭവിച്ചത്

അലാസ്‌ക: വിചാരിച്ചതിനപ്പുറമൊന്നും അലാസ്‌കയില്‍ സംഭവിച്ചില്ല, ആരും തോറ്റില്ല, ആരും ജയിച്ചതുമില്ല. അടിവച്ചു പിരിഞ്ഞില്ലെന്നു മാത്രം. മൂന്നു മണിക്കൂറോളം ഡോണാള്‍ഡ് ട്രംപും വ്‌ളാഡിമിര്‍ പുടിനും ചര്‍ച്ച നടത്തിയെങ്കിലും സമാധാന കരാറിലെത്താന്‍ മാത്രം സാധിച്ചില്ല. എന്നാല്‍ ചര്‍ച്ച തുടരാനും നാറ്റോ രാജ്യങ്ങളുടെ കൂടി അഭിപ്രായം ആരായാനും തീരുമാനിക്കുകയും ചെയ്തു. അങ്ങനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ പിണക്കുന്ന സാഹചര്യം ഒഴിവാക്കിയെടുത്തു.
പല കാര്യങ്ങളിലും ധാരണയായെങ്കിലും ഇതിന്റെയെല്ലാം അവസാനം രൂപപ്പെടേണ്ട കരാറിലേക്ക് എത്തുന്നതിനു മാത്രം സാധിച്ചില്ലെന്നാണ് ചര്‍ച്ചയ്ക്കു ശേഷം ട്രംപിന്റെ പ്രതികരണം. കരാര്‍ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്നും നാറ്റോ സഖ്യത്തിലെ രാജ്യങ്ങളുമായി ഉടന്‍ സംസാരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എപുടിനും പോസിറ്റീവായ പ്രതികരണമാണ് പുറത്തു വിട്ടിരിക്കുന്നത്. യുക്രെയ്‌നെ സഹോദര രാജ്യമെന്നു വിളിച്ചതാണ് അതില്‍ പ്രധാനം. അവിടെ തുടരുന്ന സെലന്‍സ്‌കി സര്‍ക്കാരാണ് റഷ്യയുടെ ആശങ്കകളില്‍ പ്രധാനമെന്നാണ് പുടിന്‍ വ്യക്തമാക്കുന്നത്. യുദ്ധം തുടങ്ങിയ സമയത്ത് ട്രംപായിരുന്നു അമേരിക്കന്‍ പ്രസിഡന്റെങ്കില്‍ യുദ്ധം തന്നെയുണ്ടാകുമായിരുന്നില്ലെന്നും സമാധാന ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും പുടിന്‍ വ്യക്തമാക്കി. അടുത്ത പടിയായി ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ എന്തൊക്കെ കാര്യങ്ങളിലാണ് തീരുമാനമായതെന്ന് ഇരു നേതാക്കളും വെളിപ്പെടുത്തിയിട്ടില്ല.