കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇമിഗ്രേഷനു മുന്നിലെ നീണ്ട ക്യൂവില്‍ നിന്ന് തലയൂരാന്‍ സൗകര്യം ഒരുങ്ങി. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്റെ മൂന്നാമത്തെ കിയോസ്‌കും പ്രവര്‍ത്തനം ആരംഭിച്ചു. ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനായാസം നടപടികള്‍ പൂര്‍ത്തിയാക്കി ഇനി പുറത്തിറങ്ങാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിനും ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കാനും ഇവിടെ സൗകര്യമുണ്ടായിരിക്കും. ഇങ്ങനെ ഒരു തവണ രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും ഏതു വിദേശ യാത്രയിലും സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി സെക്കന്‍ഡുകള്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പദ്ധതിയില്‍ ചേരുന്നതിനാവശ്യമായ രേഖകള്‍ ഓണ്‍ലൈനായി ലോകത്ത് എവിടെയിരുന്നും സമര്‍പ്പിക്കാന്‍ www.ftittp.mha.gov.in എന്ന വെബ്‌സൈറ്റ് മുഖേന സാധിക്കും. രജിസ്‌ട്രേഷനൊപ്പം ആവശ്യമായ ബയോമെട്രിക് വിവരങ്ങളും ഇതേ രീതിയില്‍ തന്നെ സമര്‍പ്പിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.boi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ ഫാസ്റ്റ് ട്രാക്ക് -ട്രസ്റ്റഡ് ട്രാവല്‍ പ്രോഗ്രാമിന്റെ മൂന്നാമത്തെ കിയോസ്‌കാണ് കൊച്ചി വിമാനത്താവളത്തില്‍ ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനുവും ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് മേധാവി കൃഷ്ണരാജും ചേര്‍ന്നു നിര്‍വഹിച്ചു. നോര്‍വേയിലേക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ തിരുവനന്തപുരം സ്വദേശി നീല്‍ മാത്യുവിന്റെ കുടുംബം ഈ സൗകര്യം ഉപയോഗിക്കുന്ന ആദ്യ യാത്രക്കാരുമായി.
നെടുമ്പാശേരിയില്‍ നിന്നു പറക്കാന്‍ ഇനി ക്യൂവില്‍ നിന്നു കാല്‍ കുഴയേണ്ട

