വിസി, ഭീതിദിനം കുഴഞ്ഞു കിടക്കെ ഗവര്‍ണറുടെ അത്താഴവിരുന്ന്, എന്നിട്ടോ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് അത്താഴമൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കര്‍ കാത്തിരുന്നെങ്കിലും വിളിക്കപ്പെട്ട വിഐപികളില്‍ ആരും തന്നെ ആ വഴി പോയതുമോലുമില്ല. എല്ലാ സ്വാതന്ത്ര്യദിനത്തിലും ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും അത്താഴവിരുന്ന് കൊടുക്കുന്ന പതിവുണ്ട്. അതിനെയാണ് അറ്റ്‌ഹോം വിരുന്ന് എന്നു പറയുന്നത്. കേരള ഗവര്‍ണറും പതിവു തെറ്റിച്ചില്ല. ഗംഭീരമായി അത്താഴമൊരുക്കി, മുഖ്യന്ത്രിയെയും മറ്റു മന്തിമാരെയും പ്രതിപക്ഷ നേതാവിനെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരെയും അതിലേക്ക് വിളിക്കുകയും ചെയ്തു. മന്ത്രിമാരില്‍ മിക്കവരും അതതു ജില്ലകളില്‍ സ്വാതന്ത്ര്യദിന പരേഡിന്റെയും മറ്റും കാര്യങ്ങള്‍ക്കായി പോയിരിക്കുന്നതിനാല്‍ മുഖ്യമന്ത്രിയും വിരലിലെണ്ണാവുന്ന മന്ത്രിമാരുമേ തലസ്ഥാനത്തുള്ളൂ. അവരെല്ലാവരും അത്താഴം ബഹിഷ്‌കരിക്കുകയും ചെയ്തു. ക്ഷണം കിട്ടിയ പ്രതിപക്ഷ നേതാവും ആ വഴി പോയില്ല. സംസ്ഥാന ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ സ്വമേധയാ താല്‍ക്കാലിക വിസിമാരെ നിയോഗിച്ചതു മുതലാണ് ഇപ്പോഴത്തെ ഇടച്ചില്‍ മന്ത്രിസഭയ്ക്കും ഗവര്‍ണര്‍ക്കുമിടയിലുണ്ടായത്. അതു കഴിഞ്ഞ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയപ്പോള്‍ കോടതി നിര്‍ദേശിച്ചതു പോലെ ഗവര്‍ണറും ഗവണ്‍മെന്റും വിസിമാരാകാന്‍ യോഗ്യരായവരുടെ വെവ്വേറെ പാനല്‍ കോടതിയില്‍ കൊടുത്തു കാത്തിരിക്കുകയാണ്. ഈ കേസില്‍ വരുന്നയാഴ്ച വിധി വരുകയും ചെയ്യും. ഇതിനിടെയാണ് വിഭജന ഭീതി ദിവസം ആചരിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്കുള്ള ഗവര്‍ണറുടെ നിര്‍ദേശം പോയത്. സര്‍ക്കാര്‍ ഇതിനെതിരേയും കടുത്ത നിലപാടാണ് സ്വീകരിച്ചത്.