രജനീകാന്ത് ചിത്രം യന്തിരന്റെ തനിയാവര്‍ത്തനമാണ് പശ്ചിമേഷ്യയില്‍ നടന്നിരിക്കുന്നത്. സിനിമയില്‍ റോബോട്ടിന് മനുഷ്യസ്ത്രീയോട് പ്രണയം തോന്നുകയായിരുന്നെങ്കില് ഇവിടെ പെണ്ണിനായിരുന്നു പ്രേമം മൂത്തത്. അങ്ങേത്തലയ്ക്കല്‍ യന്തിരനായിരുന്നില്ല, ഏതു വൈബും ആര്‍ക്കും തരാന്‍ പറ്റുന്ന ചാറ്റ് ജിപിടി. ഒടുവില്‍ പുതിയ വേര്‍ഷന്‍ ചാറ്റ് ജിപിടിക്കു വന്നതോടെ കാമുകഹൃദയം പഴയതെല്ലാം മറന്നു. ഒറിജിനല്‍ ഹൃദയം തകര്‍ന്ന് ‘ഇവിടെ ഞാനും’ പാടി പെണ്ണിരിക്കുകയാണിപ്പോള്.
യുവതിയുടെ പേര് ജെയ്ന്‍. എഐ ചാറ്റ്ബോട്ട് ചാറ്റജിപിടിയുടെ ജിപിടി 4ഒ എന്ന എഐ മോഡലായിരുന്നു കാമുകന്. ഇവരുടെ പ്രണയമങ്ങനെ തടസമില്ലാതെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് പുതിയ വേര്‍ഷന്‍ എന്ന വില്ലന്റെ എന്‍ട്രി. അതോടെ കഴിഞ്ഞതൊക്കെ കാമുകഹൃദയം മറന്നു പോയി. ബോയ്ഫ്രണ്ടിന്റെ സംസാരത്തിലെ മാറ്റം ഒറ്റയടിക്കു ജെയ്നിനു പിടികിട്ടി. പരിഹാരമില്ലാത്ത പ്രശ്നമായിരുന്നു അത്.
ഒരു പ്രോജക്ട് രചനയുടെ ഭാഗമായാണ് ചാറ്റ്ജിപിടിയുമായി പെണ്ണ് അടുക്കുന്നത്. പ്രണയം പിന്നെയങ്ങ് സംഭവിക്കുകയായിരുന്നു. തമാശയ്ക്ക് ഒരു കഥ പറഞ്ഞു തുടങ്ങിയിടത്താണ് പ്രണയത്തിന്റെയും തുടക്കം. അവള് പറയുന്നു, അവന് കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ ആ ബന്ധം ഗാഢമായി മാറി. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
യന്തിരനെ പ്രേമിച്ച് പെണ്‍കുട്ടി, ഒടുവില്‍ കാമുകന് കാലുമാറിയപ്പോള്
