മെസ്സി വരും കേട്ടോ, റൊണാള്‍ഡോ വന്നേക്കും, ചോദിക്കരുത് കേരളത്തിലേക്കാണോന്ന്

കൊല്‍ക്കത്ത: കാത്തുകാത്തിരുന്ന അനുമതി അവസാനം കിട്ടിയതോടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം ഉറപ്പായി. ഡിസംബര്‍ 12ന് കൊല്‍ക്കത്തയില്‍ മെസ്സി തന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കം കുറിക്കും. കേരളത്തിലേക്കു വരുത്തുമെന്നു വീമ്പു പറഞ്ഞവര്‍ വാക്കു വിഴുങ്ങേണ്ടി വരുമെന്ന സൂചനയാണ് പര്യടന പരിപാടിയുടെ ഷെഡ്യൂള്‍ കാണുമ്പോള്‍ മനസിലാകുന്നത്. നിലവില്‍ അഹമ്മദാബാദിലും മുംബൈയിലും ഡല്‍ഹിയിലും മാത്രമാണ് കൊല്‍ക്കത്തയ്ക്കു പുറമെ മെസ്സിക്കു പരിപാടികളുള്ളത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒരുപക്ഷേ ഇന്ത്യയിലെത്തിയേക്കാം. വരുമെങ്കില്‍ അത് മെസ്സിയുടെ വരവിനു മുമ്പായിരിക്കുമെന്നു മാത്രം. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റൊണാള്‍ഡോ ഉള്‍പ്പെടുന്ന സൗദി അറേബ്യയിലെ അല്‍ നസ്‌റയുടെ ഒരു കളി ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത ഏറക്കുറേ ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കില്‍ റൊണാള്‍ഡോയും അക്കൂടെ കാണുമല്ലോ എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നത്.
മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025 എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പരിപാടിയുടെ പ്രൊമോട്ടറായ ശതദ്രു ദത്ത വെളിപ്പെടുത്തി. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ മെസ്സി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മെസ്സിക്കൊപ്പമുള്ള സംഘത്തില്‍ ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ റോഡ്രിഗോ ഡി പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയവരും ഉണ്ടാകുമെന്നാണ് അറിവ്. അഹമ്മദാബാദിലേത് ഒരു സ്വകാര്യ ചടങ്ങാണ്. മുംബൈയിലും കൊല്‍ക്കത്തയിലും സെലിബ്രിറ്റി ഫുട്‌ബോളില്‍ കളിക്കുന്നുമുണ്ട്.
വെള്ളിയാഴ്ച ക്വലാലംപൂരില്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ അല്‍ നസ്‌റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് ഒരു കളി ഇന്ത്യയില്‍ നടക്കാന്‍ സാധ്യത തെളിഞ്ഞത്. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് എഎഫ്‌സി ചാമ്പ്യന്‍സ് ട്രോഫിക്കുവേണ്ടിയുള്ള കളികള്‍ നടക്കുക.