അമൃത് ഭാരത് 3.0 ചൂളംവിളിച്ചെത്തുന്നു. എടുത്താല്‍ പൊങ്ങാത്ത നിരക്കുകളായിരിക്കുമോ

ചെന്നൈ: ന്യൂജെന്‍ ട്രെയിനുകള്‍ ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ മൊത്തത്തിലങ്ങ് എടുക്കുമോ ആവോ അഥവാ അങ്ങനെയങ്ങ് എടുത്താലും അതിശയിക്കുകയൊന്നും വേണ്ട. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. മൂന്നാം തലമുറ അമൃത് ഭാരത് ട്രെയിനുകളുടെ പണി ചെന്നൈയില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചു കഴിഞ്ഞു. ആകെ നൂറു ട്രെയിനുകളാണ് അമൃത് ഭാരത് 3.0 എന്ന സീരീസില്‍ ഇറക്കാന്‍ പോകുന്നത്.
ന്യൂജെന്‍ ട്രെയിനുകളുടെ തുടക്കം വന്ദേഭാരതിലായിരുന്നു. അതു കഴിഞ്ഞ് വന്ദേ മെട്രോ വന്നു. പിന്നീടങ്ങോട്ട് അമൃത് ഭാരത് ട്രെയിനുകളാണ് വരുന്നതെല്ലാം. 1.0. 2.0 എന്നീ സീരീസുകള്‍ ട്രാക്കില്‍ തരംഗമായിക്കഴിഞ്ഞാണ് ഇപ്പോള്‍ 3.0 സീരീസിന് വിസില്‍ മുഴങ്ങിയിരിക്കുന്നത്. യാത്രാസുഖത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വണ്ടിക്കൂലി കുറയ്ക്കാനുള്ള പരിശ്രമമാണ് ഈ സീരിസില്‍ റെയില്‍വേ ചെയ്തിരിക്കുന്നത്. എസി കോച്ചുകള്‍ക്കൊപ്പം നോണ്‍എസിയും വേണ്ടുവോളമുണ്ടാകും. അതായത് സാധാരണക്കാരെയും ഇടക്കാരെയുമായിരിക്കും ഈ സീരിസിലുള്ള ട്രെയിനുകള്‍ ലക്ഷ്യം വയ്ക്കുക. മറ്റ് അമൃത് ഭാരത് സീരീസിലുള്ള ട്രെയിനുകളിലുള്ള സൗകര്യങ്ങളില്‍ എന്തൊക്കെയായിരിക്കും 3.0 സീരീസിലെത്തുമ്പോള്‍ കുറവു ചെയ്യുകയെന്ന് റെയില്‍വേ അറിയിച്ചിട്ടില്ല.