കോണ്‍സുലേറ്റിലെ സ്വാതന്ത്ര്യ ദിനാഘോഷം, ഖലിസ്ഥാനികള്‍ ചെയ്തത് മോശം, നാണക്കേട്

മെല്‍ബണ്‍: സ്വാതന്ത്ര്യദിനത്തില്‍ ലോകമെങ്ങും ത്രിവര്‍ണക്കൊടികള്‍ പറക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ മാത്രം ചെറിയതോതില്‍ കല്ലുകടി. മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സ്വാതന്ത്ര്യ ദിനാഘോഷമാണ് ഓര്‍ക്കാപ്പുറത്ത് ഖലിസ്ഥാന്‍ അനുകൂലികളുടെ കടന്നുകയറ്റം കാരണം തടസപ്പെട്ടത്. പോലീസ് ഇടപെടലില്‍ രംഗം ശാന്തമായെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തതായി അറിഞ്ഞിട്ടില്ല.
ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നത് ദേശീയ പതാകയുമേന്തി കുറേയധികം ആള്‍ക്കാര്‍ കോണ്‍സുലേറ്റിനകത്തും വരാന്തയിലുമായി നില്‍ക്കുമ്പോള്‍ ഖലിസ്ഥാന്റെ മഞ്ഞക്കൊടിയും കൈയില്‍ പിടിച്ച് ഒരു സംഘം പുറത്തെത്തുന്നതും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതുമാണ്. ഇവരെ പ്രതിരോധിക്കാന്‍ കോണ്‍സുലേറ്റില്‍ തടിച്ചു കൂടിയിരുന്നവര്‍ പുറത്തേക്കെത്തിയെങ്കിലും പോലീസ് തടഞ്ഞു. അതോടെ അവര്‍ അകത്തേക്കു തന്നെ കയറിപ്പോകുകയും ദേശഭക്തി ഗാനങ്ങള്‍ മൈക്കിലൂടെ പാടുകയുമായിരുന്നു. ഈ സമയമത്രയും ഖലിസ്ഥാന്‍ അനുകൂലികള്‍ ബഹളമുണ്ടാക്കിക്കൊണ്ടു പുറത്തുണ്ടായിരുന്നു.