അബുദാബി: ഓണ്‍ലൈനില്‍ ഇടപാടു നടത്തുന്നതു കൊള്ളാം. ഒരു കാര്യം പ്രവാസികള്‍ ഓര്‍ത്തോളൂ, മറുനാട്ടിലും ഓണ്‍ലൈന്‍ കള്ളന്‍മാര്‍ക്കു കുറവൊന്നുമില്ല. അബുദാബിയില്‍ രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം നഷ്ടമായത് ലക്ഷങ്ങളാണ്.
ഓണ്‍ലൈനിലൂടെ ടെലിഫോണ്‍ ബില്‍ അടയ്ക്കുമ്പോഴാണ് കൊല്ലം സ്വദേശിക്ക് പണം നഷ്ടമായതെങ്കില്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയപ്പോഴാണ് തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു വ്യാജ പര്‍ച്ചേസിലൂടെ പണം പോയത്. രണ്ടു പേര്‍ക്കും കൂടി നഷ്ടമായത് ആറേകാല്‍ ലക്ഷം രൂപയോളം.
യുഎഇയിലെ ടെലിഫോണ്‍ കമ്പനിയായ ഡുവിന്റെ ബില്‍ തുകയായ 120 ദിര്‍ഹം അടയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു കൊല്ലം ഓച്ചിറ സ്വദേശിയായ യുവാവ്. ഗൂഗിളില്‍ ഡുവിന്റെ സൈറ്റ് സെര്‍ച്ച് ചെയ്‌തെടുത്തു. ആദ്യം കണ്ട ലിങ്കില്‍ കയറി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു. അപ്പോള്‍ ഓടിപി വന്നു. അതും കൊടുത്തു. ആദ്യം ഒരു ദിര്‍ഹമാണ് പോയത്. എന്താണ് മുഴുവന്‍ ബില്ലും പോകാത്തതെന്നു സംശയിക്കുമ്പോഴാണ് തൊട്ടു പിന്നാലെ 9817 ദിര്‍ഹവും പോയത്. ആ ലിങ്ക് വ്യാജമായിരുന്നതാണ് പണം പോകാന്‍ കാരണമായത്. ബാങ്കില്‍ ഉടന്‍ തന്നെ പരാതിയുമായെത്തിയെങ്കിലും ബാങ്കുകാര്‍ കൈമലര്‍ത്തി. ഓടിപി സ്വയം കൊടുത്തതുകൊണ്ട് അവര്‍ക്ക് കൂടുതലൊന്നും ചെയ്യാനാവില്ലത്രേ.
അല്‍ഐനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാകട്ടെ ആരുടെയും സൈറ്റില്‍ കയറിയിട്ടുമില്ല, ഓടിപി കൊടുത്തിട്ടുമില്ല. എന്നിട്ടും വ്യാജ പര്‍ച്ചേസ് നടക്കുകയായിരുന്നു. അക്കൗണ്ടില്‍ നിന്ന് 16000 ദിര്‍ഹം പോയതിന്റെ സന്ദേശം വന്നപ്പോഴാണ് കീശചോര്‍ന്ന വിവരമറിയുന്നത്. സംഭവം കഴിഞ്ഞിട്ട് ഇപ്പോള്‍ മാസം രണ്ടായി. അപ്പോഴേ ബാങ്കില്‍ ചെന്നു പരാതി കൊടുത്തതാണ്. ഗൂഗിള്‍ പേയുടെയാണ് പ്രശ്‌നമെന്നു പറഞ്ഞ് ബാങ്കുകാര്‍ നൈസായി കൈകഴുകി മാറി.
ക്ലിക്കിയാല്‍ ലക്ഷങ്ങള്‍ പോകും. കാശുപോകുന്നത് കീശകീറുമ്പോഴേ അറിയൂ
