തലയ്ക്കല്‍ വരേണ്ട തല ആരുടേത്, സുഷ് ഗോപിയുടെ വകുപ്പ് വിവാദത്തില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വകുപ്പിന്റെ ഓഫീസ് സ്വാതന്ത്ര്യദിനത്തിനിറക്കിയ പോസ്റ്റര്‍ രാജ്യതലസ്ഥാനത്ത് തലവിവാദത്തിനു തിരിതെളിച്ചു. സവര്‍ക്കറേയും ഉള്‍പ്പെടുത്തി പോസ്റ്റര്‍ ഇറക്കി എന്നതു മാത്രമല്ല, ഗാന്ധിജിയുടെ തലയ്ക്കും മുകളില്‍ സവര്‍ക്കറുടെ തല സ്ഥാപിക്കുക കൂടി ചെയ്തതിലൂടെയാണ് ഈ പോസ്റ്റര്‍ വിവാദമായിരിക്കുന്നത്. ഗാന്ധിജിക്കും സുഭാഷ് ബോസിനും ഭഗത് സിങ്ങിനും ഒപ്പമാണ് സവര്‍ക്കറുടെ തല കൂടിയെത്തുന്നത്. നെഹ്‌റുവിന്റെ തല എവിടെയും കാണാനുമില്ല.
ഇവരുടെ തലകള്‍ക്കു താഴെയുള്ള സന്ദേശം ഇങ്ങനെ. സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നത് നമ്മുടെ മിഷന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ മന്ത്രാലയത്തിന്റെയായി ഈ പോസ്റ്റര്‍ പ്രചരിച്ചു കഴിഞ്ഞു. അതോടെയാണ് വിവാദവും ആരംഭിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും സവര്‍ക്കര്‍ക്കില്ലെന്നും ബ്രിട്ടീഷുകാരോടെ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് ഏജന്റായ ആളാണ് സവര്‍ക്കറെന്നും വിവാദമുന്നയിക്കുന്നവര്‍ പറയുന്നു.