കൊച്ചി: മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ അട്ടിമറി പ്രതീക്ഷിച്ചവര്‍ക്കു തെറ്റി, ലിസ്റ്റിന് സ്റ്റീഫന്റെ പാനലിന് അടിപൊളി ജയം. പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന് സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് ത്രികോണ മത്സരമായിരുന്നെങ്കിലും വിനയന്, കല്ലിയൂര്‍ ശശി എന്നിവരെ തോല്പിച്ചാണ് ലിസ്റ്റിന് വിജയക്കൊടി നാട്ടിയത്. സജി നന്ത്യാട്ടിനെയാണ് രാകേഷ് മലര്‍ത്തിയടിച്ചത്. ഇവരുടെ പാനലിലെ മഹാസുബൈര്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ഏറെ വിവാദങ്ങളുയര്‍ത്തി എക്സിക്യൂട്ടിവിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് 110 വോട്ട് പിടിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ഇവര്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു കൂടി മത്സരിച്ചിരുന്നെങ്കിലും പത്രിക തള്ളിപ്പോയിരുന്നു.
വൈസ് പ്രസിഡന്റുമാരായി സോഫിയ പോളും സന്ദീപ് സേനനും വിജയിച്ചു. ജോയിന്റ് സെക്രട്ടറിമാരായി ആല്വിന് ആന്റണിയും എം എം ഹംസയും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വിജയിച്ചവര്‍-ഷെര്‍ഗ സന്ദീപ്, ജി സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, സെഞ്ചുറി കൊച്ചുമോന്, ഔസേപ്പച്ചന് വാളക്കുഴി, എവര്‍ഷൈന്‍ മണി, എന്‍ കൃഷ്ണകുമാര്‍, മുകേഷ് ആര് മേത്ത, ഏബ്രഹാം മാത്യു, ജോബി ജോര്‍ജ്, തോമസ് മാത്യു, രമേശ് കുമാര്‍, സന്തോഷ് പവിത്രം, വിശാഖ് സുബ്രമണ്യം.
പ്രൊഡ്യുസേഴ്സ് അസോ. തിരഞ്ഞെടുപ്പ്-ലിസ്റ്റിന് പാനല്‍ തൂത്തുവാരി
