നാളെ ബുര്‍ജ് ഖലീഫയൊന്നു കാണണം, ഇന്ത്യക്കാര്‍ക്ക് അഭിമാനമാകും

ദുബായ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈകുന്നേരമാണ് ഓരോ ഇന്ത്യക്കാരനും ബുര്‍ജ് ഖലീഫയൊന്നു കണ്ടിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോകുന്നത്. പ്രവാസിയായ ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ അഭിമാനം നിറച്ച് ബുര്‍ജ് ഖലീഫ മൂവര്‍ണം പുതയ്ക്കും. യുഎഇ സമയം വൈകുന്നേരം 7.50നായിരിക്കും ഇക്കൊല്ലം ത്രിവര്‍ണ പതാകയുടെ നിറത്തില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ദീപക്കാഴ്ചയൊരുക്കുക. ആയിരക്കണക്കിന് ആള്‍ക്കാരായിരിക്കും ഈ കാഴ്ച കാണാന്‍ എത്തിച്ചേരുക.
ദുബായ് കടുത്ത ചൂടിന്റെ പിടിയിലായതിനാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ദേശീയ പതാകയുയര്‍ത്തല്‍ ഇക്കുറി നേരത്തെയാക്കും. രാവിലെ ആറിനു തന്നെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ആറരയ്ക്കാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ്. മുന്‍ വര്‍ഷങ്ങളില്‍ രാവിലെ ഏഴിനും എട്ടിനുമൊക്കെയാണ് പതാക ഉയര്‍ത്തല്‍ നടത്തിയിരുന്നത്. കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനായിരിക്കും പതാകയുയര്‍ത്തുക.
അബുദാബി ഇന്ത്യന്‍ എംബസിയിലും ദേശീയ പതാകയുയര്‍ത്തല്‍ നേരത്തെയാക്കിയിട്ടുണ്ട്. രാവിലെ 7.15 ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ പതാക ഉയര്‍ത്തും. ചടങ്ങിനു ശേഷം ഇന്ത്യയുടെ ഗോത്രവര്‍ഗ കലകള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ആഘോഷവുമുണ്ടായിരിക്കും.