ഗെറ്റ് ഔട്ട് ഓഫ് ഗാസ, പലസ്തീനികളെ പായ്ക്കു ചെയ്യാന്‍ പരിപാടി

ടെല്‍ അവീവ്: അവശേഷിക്കുന്ന പലസ്തീനകളെ കൂടി ഒഴിവാക്കി ഗാസ മൊത്തത്തില്‍ കാലിയാക്കിയെടുക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ ആഫ്രിക്കന്‍ രാജ്യമായ തെക്കന്‍ സുഡാനില്‍ കുടിയിരുത്താനാണ് ആലോചന. അങ്ങേയറ്റം രഹസ്യമായാണ് ഇതു സംബന്ധിച്ച ആലോചനകള്‍ നടന്നു വരുന്നത്. ഗാസ ഇപ്പോള്‍ എങ്ങനെ പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവിലാണോ അതിനെക്കാള്‍ ഒട്ടും കുറവില്ലാത്ത വിധം ഇതേ അവസ്ഥ തന്നെയാണ് തെക്കന്‍ സുഡാനിലുമുള്ളത്. ഇങ്ങനെയൊരു കാര്യത്തിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഗാസയിലെ മുഴുവന്‍ പേരെയും അവിടെ നിന്നു മാറ്റണമെന്നുള്ളത് ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയം മാത്രമായിരുന്നു. പിന്നീടാണ് നെതന്യാഹുവും ഇക്കാര്യം തന്നെ പറയാന്‍ തുടങ്ങിയത്. സ്വമേധയാ ഉള്ള പലസ്തീനികളുടെ കുടിയേറ്റം എന്ന് നെതന്യാഹു ഇതിനെ വിളിക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്. ഇസ്രയേലിന്റെ ഈ നീക്കത്തിനെതിരേ പലരും രംഗത്തു വന്നിട്ടുണ്ട്.