തിമിംഗലം കൊന്നില്ല, തിന്നുമില്ല, പിന്നെ പടത്തില്‍ കണ്ടതോ?

മെക്‌സിക്കോ സിറ്റി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായൊരു വീഡിയോ ഇങ്ങനെയൊന്നോ? വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരിക്കുകയാണ് ആവേശത്തോടെ വീഡിയോ കണ്ടവരെല്ലാം. ഓര്‍ക എന്നയിനത്തില്‍ പെട്ട കൊലയാളി തിമിംഗലം അതിന്റെ പിരിശീലകയായ ജെസീക്ക റാഡ്ക്ലിഫ് എന്ന യുവതിയെ കാണികളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. സംഭവം നടക്കുന്നത് പസിഫിക് ബ്ലൂ മറൈന്‍ പാര്‍ക്കില്‍. കണ്ടവരൊക്കെ സംഭവം വിശ്വസിക്കുന്ന വിധത്തിലായിരുന്നു ചിത്രീകരണം. ജസീക്കയുടെ ആര്‍ത്തവരക്തം വെള്ളത്തില്‍ കലര്‍ന്നുവെന്നും അതിലൂടെ ചോരയുടെ രുചിയറിഞ്ഞ ഓര്‍ക ആക്രമിക്കുകയായിരുന്നുവെന്നുമാണ് ചില വ്യാഖ്യാനങ്ങള്‍ വന്നത്.
ഓര്‍കയെ യുവതി പരിശീലിപ്പിക്കുന്നതും ലാളിക്കുന്നതുമൊക്കെയാണ് തുടക്കത്തിലുള്ളത്. പെട്ടെന്ന് ഓര്‍കയുടെ വിധം മാറുന്നു. അതു യുവതിയെ ആക്രമിക്കുന്നു. കൊലപ്പെടുത്തുന്നു. ജസീക്കയുടെ സഹായികള്‍ തടയാന്‍ ശ്രമിച്ചിട്ടും പറ്റുന്നില്ല. എന്നാല്‍ ഈ വീഡിയോ അപ്പാടെ വ്യാജമാണെന്നാണ് ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം ഇതു സംബന്ധിച്ച് പോലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ ഒദ്യോഗിക സ്ഥിരീകരണമൊന്നും ലഭിക്കുന്നതേയില്ല. ജസീക്ക റാഡ്ക്ലിഫ് എന്നൊരു യുവതി ഉണ്ടോയെന്നു പോലും ആര്‍ക്കുമറിയില്ല. ഈയിനത്തിലുള്ള പഴയൊരു വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മാറ്റിയാതാണെന്നാണ് ഇപ്പോള്‍ പൊതുവേ കരുതപ്പെടുന്നത്.