മുംബൈ: രാജ് കുന്ദ്രയ്ക്കും ഭാര്യ ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും സമയം തീരെ നല്ലതല്ലെന്നു വ്യക്തം. ഇരുവര്‍ക്കുമെതിരേ അറുപതു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് വന്നിരിക്കുകയാണ്. രാജ് കുന്ദ്രയ്‌ക്കെതിരേ നീലച്ചിത്ര നിര്‍മാണവും വിതരണവും സംബന്ധിച്ച കേസ് ഒരു വശത്ത് നടക്കുകയാണിപ്പോഴും. അങ്ങനെയിരിക്കെയാണ് ബിസിനസ് നവീകരണത്തിന്റെ പേരില്‍ വ്യവസായിയില്‍ നിന്ന് അറുപതു കോടി രൂപ വാങ്ങിയശേഷം തിരികെ നല്‍കാതെ കബളിപ്പിച്ചെന്ന കേസ് ശില്‍പയുടെയും രാജിന്റെയും പേരില്‍ എത്തിയിരിക്കുന്നത്. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് സെലിബ്രിറ്റി ദമ്പതിമാരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. വ്യവസായി ദീപക് കോത്താരിയാണ് പരാതിക്കാരന്‍.
ശില്‍പയുടെയും രാജിന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീല്‍ ടിവിയില്‍ 2015-16 കാലയളവിലാണ് കോത്താരി പണം മുടക്കിയത്. ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമാണ് ബെസ്റ്റ് ഡീല്‍ ടിവി. അന്ന് കമ്പനിയുടെ 87 ശതമാനം ഓഹരികള്‍ ശില്‍പയുടെ പേരിലായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം ശില്‍പ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു. പിന്നാലെ കമ്പനിക്കെതിരേ 1.28 കോടി രൂപയുടെ പാപ്പരത്ത കേസും വന്നു.
2021ല്‍ നീലച്ചിത്ര നിര്‍മാണവും വിതരണവും സംബന്ധിച്ച മറ്റൊരു കേസില്‍ രാജ് കുന്ദ്ര രണ്ടു മാസം ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞതുമാണ്. ആ കേസ് ഇതുവരെ തീര്‍ന്നിട്ടില്ല. പണം വെളുപ്പിക്കലിന്റെ മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയായുണ്ട്.
ശില്‍പ ഷെട്ടി പെട്ടു, 60 കോടിയുടെ വഞ്ചന കേസ്. കുന്ദ്രയും കൂട്ടുപ്രതി
