ഹിമാചല്‍ വീണ്ടും മുങ്ങുന്നു, കലിതുള്ളി പെരുമഴ വീണ്ടുമെത്തി

ഷിംല: ആഴ്ചകളുടെ ഇടവേളയില്‍ ഹിമാചല്‍ പ്രദേശില്‍ കലിതീരാതെ വീണ്ടും കനത്ത മഴ പെയ്യുന്നു. അതിഭീകര മഴയ്ക്കു കാരണം മേഘവിസ്‌ഫോടനമാണെന്ന് അധികൃതര്‍. വെള്ളപ്പൊക്കം വീണ്ടും ഈ മലയോര സംസ്ഥാനത്തെ മുക്കിക്കൊല്ലുകയാണ്. അറിഞ്ഞതു വച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ കുടുങ്ങിക്കിടക്കുന്നു. മരിച്ചവരുടെ കൃത്യമായ എണ്ണം ഇതിലും ഉയര്‍ന്നേക്കുമെന്നു പറയുന്നു.
ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു, ഷിംല, ലാഹുല്‍-സ്പിതി എന്നിവിടങ്ങളിലാണ് മഴയുടെ കലിതുള്ളല്‍. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും നാലു ടൂറിസ്റ്റ് കോട്ടേജുകള്‍ തകരുകയും ചെയ്തു. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ തീര്‍ഥന്‍ നദി കരകവിഞ്ഞൊഴുകുകയാണ്. ഈ പ്രദേശത്തെ എല്ലാ സ്‌കൂളുകള്‍ക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നൂറിലധികം റോഡുകളും അടച്ചിട്ടുണ്ട്.