വാഷിംഗ്ടണ്‍: കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഓസ്ട്രേലിയ ഉള്‍പ്പെടെ പല രാജ്യങ്ങളും നിയമം മൂലം നിരോധിക്കാന്‍ തുടങ്ങിയതോടെ തടി രക്ഷിക്കാനുള്ള നടപടികളുമായി കമ്പനി രംഗത്തു വരുന്നു. എഐ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിച്ച് കാഴ്ചക്കാരുടെ പ്രായം നിര്‍ണയിക്കാനും കുട്ടികളെന്നു കണ്ടെത്തുന്നവര്‍ക്ക് അതിനു തക്ക ഉള്ളടക്കം മാത്രം ലഭ്യമാക്കാനുമാണ് നീക്കം നടക്കുന്നത്.
കുട്ടികളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും യൂട്യൂബ് വീഡിയോകള്‍ക്ക് ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്നു പല പഠനങ്ങളിലൂടെയും കണ്ടെത്തിയിട്ടുള്ളതാണ്. അതിനാല്‍ ഓരോ ഉപഭോക്താവിന്റെയും പ്രായം സംബന്ധിച്ച കൃത്യമായ വിവരം ശേഖരിക്കുകയാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. പലപ്പോഴും കുട്ടികള്‍ അക്കൗണ്ട് തുറക്കുന്നത് തെറ്റായ പ്രായം ചേര്ത്തുകൊണ്ടായിരിക്കുമെന്ന് കമ്പനിക്കും അറിയാം. വീഡിയോകള്‍ കാണാനിരിക്കുന്നവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മുഴുവന്‍ വിവരങ്ങളും എഐ ടൂളുകള്‍ ഉപയോഗിച്ച് അപഗ്രഥിച്ച് അതിലൂടെ പ്രായനിഗമനത്തിലെത്താനുള്ള വിപുലമായ പദ്ധതിയാണ് അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ പരീക്ഷിച്ച് വിജയമെന്നു കണ്ടാല്‍ ലോകത്തൊട്ടാകെയുള്ള യൂട്യൂബ് ഉപഭോക്താക്കളെയും ഇത്തരം എഐ സെര്‍ച്ചിന്റെ പരിധിയില്‍ കൊണ്ടുവരും. എന്തൊക്കെയാണ് സെര്‍ച്ച് ചെയ്യുന്നത്, ഏതൊക്കെ തരം വീഡിയോ കണ്ടു, എത്ര നാളായി യൂട്യൂബ് ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രായ നിര്‍ണയം നടത്തുക.
കുട്ടി കാഴ്ചക്കാരെ കണ്ടെത്താന്‍ യൂട്യൂബ്
