മൂന്നു വാക്കിനായി മൗനം മുറിച്ച് സുരേഷ് ഗോപി

തൃശൂര്‍: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, ഛത്തീസ്ഗഢിലെ സംഭവവികാസങ്ങള്‍ എന്നവയിലൊന്നും ഇതുവരെ പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി ഇന്നു തൃശൂരിലെത്തിയപ്പോള്‍ വായ് തുറന്നു. ആകെ ഉച്ചരിച്ചത് മൂന്നേ മൂന്നു വാക്ക്. ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി.’
ഇന്നു രാവിലെയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. ഒരു മാസത്തോളം മണ്ഡലത്തില്‍ നിന്നു മാറിനിന്നതിനു ശേഷമുള്ള വരവായിരുന്നു അത്. തിരുവനന്തപുരത്തു നിന്ന് വന്ദേഭാരത് തീവണ്ടിയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുകയായിരുന്നു. അവിടെ പത്രക്കാരുടെ വലിയൊരു സംഘം കാത്തു നിന്നിരുന്നെങ്കിലും ആരോടും പ്രതികരിക്കാന്‍ അദ്ദേഹം തയാറിയില്ല. പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്നും അകന്ന് കനത്ത പോലീസ് സുരക്ഷയില്‍ സ്‌റ്റേഷനു പുറത്തേക്കു പോകുകയായിരുന്നു. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയപ്പോഴാണ് പ്രതികരണം മൂന്നു വാക്കുകളിലൊതുക്കിയത്. അതിനു ശേഷം കാറില്‍ കയറി പോകുകയും ചെയ്തു.
തൃശൂരില്‍ നിന്നു സുരേഷ് ഗോപി നേരേ പോയത് ഛത്തീസ്ഗഢില്‍ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലേക്കായിരുന്നു. സിസ്റ്ററിന്റെ മാതാപിതാക്കളുമായി അല്‍പസമയം സംസാരിച്ചു ചെലവഴിച്ച ശേഷം തിരികെ മടങ്ങി. അതിനിടയില്‍ പ്രതികരണം തേടി പത്രക്കാരെത്തിയെങ്കിലും മൗനം തന്നെയായിരുന്നു പ്രതികരണം.