അയര്‍ലന്‍ഡില്‍ ഇന്ത്യാ ദിനാഘോഷം ഇക്കൊല്ലമില്ല

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഒത്തുകൂടലുകളില്‍ ഏറ്റവും പ്രധാനമായ ഇന്ത്യാദിനാഘോഷം ഇക്കൊല്ലം വേണ്ടെന്നു വച്ചു. ഇന്ത്യന്‍ വംശജര്‍ക്കെതിരേ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധസൂചകമായാണ് ദിനാഘോഷം ഉപേക്ഷിച്ചത്. 2015 മുതല്‍ എല്ലാവര്‍ഷവും തുടര്‍ന്നു പോരുന്ന ആഘോഷമാണിത്. ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ ഈ ഞായറാഴ്ചയായിരുന്നു പരിപാടി നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.
വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെയും പൗരസംഘടനകളുടെയും സഹകരണത്തോടെ അയര്‍ലന്‍ഡ് ഇന്ത്യാ കൗണ്‍സിലാണ് പതിവായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വൈകാരികമായി വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാണെങ്കില്‍ കൂടി ഇക്കൊല്ലം എല്ലാ ആഘോഷവും റദ്ദാക്കുകയാണെന്ന് കൗണ്‍സില്‍ കോ ചെയര്‍മാന്‍ പ്രശാന്ത് ശുക്ല അറിയിച്ചു. ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തില്‍ ആഘോഷം സംഘടിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണന്ന് അദ്ദേഹം പ്രതികരിച്ചു. സുരക്ഷാ കാരണങ്ങളാലല്ല, പിന്നെയോ സാമൂഹ്യ മാധ്യമങ്ങള്‍ ഈ ആഘോഷത്തോടു പുലര്‍ത്തുന്ന സമീപനത്തിന്റെ പേരിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ എവിടെയെങ്കിലും ഒരു അനിഷ്ട സംഭവമെങ്കിലുമുണ്ടായാല്‍ അതു പോലും ഈ ആഘോഷത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.