തിമിംഗലം-ഡോള്‍ഫിന്‍ സ്‌നേഹം, കടല്‍ സാക്ഷി

തിമിംഗലങ്ങള്‍ക്കിടയിലെ ഏറ്റവും പ്രബലമായ ഹംപ്ബാക്ക് ഇനത്തിന്റെ കുടിയേറ്റ കാലമായതോടെ കൂട്ടത്തോടെ ഓസ്‌ട്രേലിയന്‍ തീരം പിന്നിടുന്ന തിമിംഗലക്കൂറ്റന്‍മാര്‍ പതിവു കാഴ്ചയായിരിക്കുന്നു. എന്നാല്‍ അതിലേറെ കൗതുകകരമാകുന്നത് കുടിയേറ്റ കാലത്തില്‍ തിമിംഗലങ്ങളോടു ചങ്ങാത്തം കൂടിയെന്നവിധത്തില്‍ ഒപ്പം നീന്തുന്ന ഡോള്‍ഫിനുകളുടെ കാഴ്ചയാണ്. വിശേഷിച്ചും ബോട്ടില്‍നോസ് ഡോള്‍ഫിനുകളാണ് ഇങ്ങനെ കമ്പനിയടിച്ചു നീന്തുന്നത്. സത്യത്തില്‍ ഈയിനം തിമിംഗലങ്ങളും ഡോള്‍ഫിനുകളും കമ്പനിയടിക്കുക തന്നെയാണോ.
അതേയെന്നാണ് നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഉത്തരം. ഇവ ഒന്നിച്ച് ഭക്ഷണം പങ്കിടുന്നതും തമാശക്കളികളില്‍ ഏര്‍പ്പെടുന്നതും അന്യോന്യം ശുണ്ഠി പിടിപ്പിക്കുന്നതുമൊക്കെ ഡ്രോണുകളെ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗങ്ങളില്‍ വ്യക്തമാണ്. തമാശയ്ക്ക് ഉരുണ്ടുകളിക്കുന്നതും വാലിട്ടടിച്ചു നീരസം പ്രകടിപ്പിക്കുന്നതും അന്യോന്യം ശരീരങ്ങള്‍ തമ്മിലുരസുന്നതും ഒക്കെ ഇത്തരം ചിത്രീകരണങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. കടലിലെ ജീവിവര്‍ഗങ്ങള്‍ക്കിടയില്‍ പരസ്പരമുള്ള ഇടപെടലുകള്‍ തീരെ കുറവാണെന്ന മുന്‍ധാരണയാണ് ഇത്തരം ചിത്രങ്ങള്‍ തിരുത്തുന്നത്. പൊതുവേ ഇത്തരം ഇടപെടലുകള്‍ കുറവാണെങ്കിലും ഹംപ്ബാക്ക് തിമിംഗലങ്ങളും ബോട്ടില്‍നോസ് ഡോള്‍ഫിനുകളും ഈ സാമാന്യ തത്വത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന രണ്ടു ജീവി വര്‍ഗങ്ങളാണെന്നതാണ് വാസ്തവം.
സ്‌നേഹപ്രകടനത്തിന് ഡോള്‍ഫിനുകളാണ് മുന്‍കൈയെടുക്കുന്നതെങ്കിലും തിമിംഗലങ്ങള്‍ അവയോടു സൗഹാര്‍ദപൂര്‍ണമായി തന്നെയാണ് പ്രതികരിക്കുന്നത്. ഉദാഹരണത്തിന് ഡോള്‍ഫിനുകള്‍ അടുത്തെത്തുമ്പോള്‍ തിമിംഗലങ്ങള്‍ പുറംകമിഴ്ത്തി നീന്തുന്നതും വയര്‍ കാട്ടിക്കൊടുക്കുന്നതുമൊക്കെ ചിത്രങ്ങളില്‍ ഏറെയുണ്ട്. നീരസം പ്രകടിപ്പിക്കുന്നതിന് വാലിട്ടടിക്കുന്നതിന്റെ കാഴ്ച തീരെയില്ലെന്നു തന്നെ പറയാം.