ജോണ്‍ ജയിംസ് അണ്ടര്‍ 19 ടീമില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാര്‍ഥിയായ ജോണ്‍ ജയിംസ് പ്രവാസി മലയാളികളുടെ അഭിമാനതാരമായി മാറി. വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി കുരിശിങ്കല്‍ വീട്ടില്‍ നഴ്‌സ് ദമ്പതിമാരായ ജോമേഷ്-സ്മിത എന്നിവരുടെ മകനാണ്.
സ്‌പോര്‍ട്‌സ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജോണ്‍ ജയിംസ്. പതിനേഴു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലെത്തിയ ജോണിന്റെ കുടുംബം എന്‍എസ്ഡബ്ല്യുവില്‍ ഗോസ്‌ഫോഡിലാണ് താമസം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ അണ്ടര്‍ 17 ടീമില്‍ അംഗമായിരുന്നു ജോണ്‍. അവിടെ നിന്നാണ് അതിലും മികച്ച പ്രകടനവുമായി ഇക്കൊല്ലം അണ്ടര്‍ 19 ടീമിലെത്തിയത്. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ പത്തു വരെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമുമായി ഏറ്റുമുട്ടുന്ന ഓസ്‌ട്രേലിയന്‍ ടീമിലെ ഫസ്റ്റ് ഇലവനില്‍ ജോണുമുണ്ടാകും. അങ്ങനെ പ്രവാസരാജ്യത്തിന്റെ കളിക്കാരനായി മാതൃരാജ്യവുമായി മാറ്റുരയ്ക്കുമ്പോള്‍ രണ്ടു ദേശീയ സംസ്‌കാരങ്ങളുടെ ഒത്തുചേരല്‍ കൂടിയായി അതു മാറും. മൂന്ന് ഏകദിനവും രണ്ടു ടെസ്റ്റുമായിരിക്കും ഈ പരമ്പരയിലുണ്ടാകുക.
ജോണിനൊപ്പം ഇന്ത്യന്‍ വംശജന്‍ തന്നെയായ യാഷ് ദേശ്മുഖും അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇരുവരും ബേസില്‍ സെല്ലേഴ്‌സ് എമര്‍ജിങ് പ്ലെയര്‍ പ്രോഗ്രാമിലൂടെയാണ് ദേശീയ ക്രിക്കറ്റ് സിലക്ഷനിലെത്തിയത്. ഈ പ്രോഗ്രാമില്‍ ഇരുവരുടേതും ഒന്നിനൊന്നു മെച്ചമായ പ്രകടനമായി വിലയിരുത്തപ്പെട്ടു.
ഈ ഡിസംബറിലാണ് പുരുഷന്‍മാരുടെ നാഷണല്‍ അണ്ടര്‍ 19 മത്സരങ്ങള്‍ നടക്കുക. ജോണ്‍ കൂടി പങ്കെടുക്കുന്ന ഈ മത്സരങ്ങളില്‍ നിന്നായിരിക്കും ഐസിസി അണ്ടര്‍ 19 വേള്‍ഡ് കപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ തിരഞ്ഞെടുക്കുക.