ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മില്‍ തീരുവയുദ്ധം ആര്‍ക്കുമാര്‍ക്കും പരിക്കില്ലാതെ തീരുന്നതിന്റെ സൂചനകള്‍ ഇരു രാജ്യങ്ങളില്‍ നിന്നും ഉയരുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചൈന ചുമത്തിയ 24 ശതമാനം അധികതീരുവ മൂന്നു മാസത്തേക്ക് മരവിപ്പിക്കുമെന്നു ചൈനയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ അമേരിക്ക ചുമത്തിയ പിഴത്തീരുവ ഇതിനൊപ്പം മൂന്നു മാസത്തേക്കു തന്നെ മരവിപ്പിക്കുമെന്ന് ട്രംപും അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവുകളില്‍ ട്രംപും ഷീയും ഒപ്പുവയ്ക്കുകയും ചെയ്തു.
ചൈനയുമായുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇരു രാജ്യങ്ങളും നിലപാടുകളില്‍ വിട്ടുവീഴ്ച വരുത്തിയതും സമവായത്തിന്റെ വഴി തേടിയതും. നവംബര്‍ പത്തു വരെ ഉയര്‍ന്ന തീരുവ ചുമത്തുന്നത് നിര്‍ത്തി വയ്ക്കുമെന്നും സന്ധിയുടെ മറ്റു വ്യവസ്ഥകളെല്ലാം നിലനില്‍ക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ അക്കൗണ്ടില്‍ കുറിച്ചു. നവംബര്‍ പത്തു വരെയാണ് അധിക തീരുവകളെല്ലാം ഇരുരാജ്യങ്ങളും മരവിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ക്രിസ്മസ് കാലത്തേക്കുള്ള ഇറക്കുമതിയെല്ലാം സുഗമമായി നടത്തിയെടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നു കരുതുന്നു. ഇലക്ടോണിക് ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ചൈനയില്‍ നിന്ന് അമേരിക്ക ഏറ്റവുമധികം വാങ്ങുന്ന ഉത്സവ സീസണാണ് ഇനി വരാന്‍ പോകുന്ന മൂന്നു മാസങ്ങള്‍.
നവംബര്‍ പത്തു വരെ അമേരിക്കയിലേക്കുള്ള ചൈനീസ് ഇറക്കുമതിക്ക് 30 ശതമാനവും ചൈനയിലേക്കുള്ള അമേരിക്കന്‍ ഇറക്കുമതിക്ക് പത്തു ശതമാനവും തന്നെയായിരിക്കും തീരുവയെന്ന് ഇന്നത്തെ പ്രഖ്യാപനത്തോടെ ഉറപ്പായിരിക്കുന്നു.
തീരുവ യുദ്ധം, ചൈനയും ട്രംപും ധാരണയിലാകുന്നോ
