തൃശൂരിലും കൊല്ലത്തും സുഭാഷ് ഗോപിക്കു വോട്ട്

കൊല്ലം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുടെ പേരില്‍ കേരളത്തിലെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലവും ദേശീയ ശ്രദ്ധയിലേക്ക് കടന്നിരിക്കുന്നു. കേന്ദ്രമന്ത്രിയും തൃശൂരിലെ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും ഇരട്ട വോട്ടുകളുണ്ടെന്ന വിവരമാണ് ഒടുവില്‍ പുറത്തു വന്നിരിക്കുന്നത്.
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഇരവിപുരം നിയോജക മണ്ഡലത്തില്‍ 84ാം നമ്പര്‍ ബൂത്തിലാണ് ഇവരുടെ ഒരു വോട്ട്. വോട്ടര്‍ പട്ടികയില്‍ 1116ാം നമ്പരായാണ് സുഭാഷ് ഗോപിയുടെ പേരുള്ളത്. വിലാസമായി നല്‍കിയിരിക്കുന്നത് തറവാടു വീടായ ലക്ഷ്മി നിവാസിന്റേത്.
സുരേഷ് ഗോപിയുടെ വിജയത്തെ സംശയത്തിന്റെ നിഴലിലാക്കി തൃശൂര്‍ മണ്ഡലത്തിലെ വോട്ട് വര്‍ധനയുടെ കണക്കുകളും പുറത്തു വന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടര്‍മാരുടെ എണ്ണം ഏറ്റവുമധികം വര്‍ധിച്ച മണ്ഡലമാണ് തൃശൂരെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്താകെ 16.02 ലക്ഷം വോട്ടര്‍മാരാണ് വര്‍ധിച്ചതെങ്കിലും അതില്‍ 1.46 ലക്ഷം വോട്ടര്‍മാരും വന്നിരിക്കുന്നത് തൃശൂരിലാണ്. ഇതില്‍ കന്നിവോട്ടര്‍മാരായി തൃശൂരില്‍ ചേര്‍ത്തിരിക്കുന്നത് 34000ത്തിനടുത്ത് പേരുകള്‍ മാത്രമാണ്. അതിനു മുമ്പ് 2021ലെ അസംബ്ലി തിരഞ്ഞെടുപ്പു കാലത്തും ഏറക്കുറേ ഇത്ര തന്നെ കന്നി വോട്ടര്‍മാരാണ് തൃശൂരില്‍ പേരു ചേര്‍ത്തിരുന്നത്. അതിനാല്‍ ആ സംഖ്യ സംശയത്തിനിട നല്‍കുന്നില്ലെങ്കിലും ശേഷിക്കുന്ന വോട്ടര്‍മാരുടെ എണ്ണത്തിലാണ് സംശയം മുഴുവന്‍ ഉയരുന്നത്. ഇതില്‍ നല്ലൊരു പങ്കും അനധികൃതമായി ചേര്‍ത്തതാണെന്ന ആരോപണമാണ് സുരേഷ് ഗോപിയുടെ വിജയത്തിനെതിരേ ഉയരുന്നത്.