ഐസിസി വനിതാ ക്രിക്കറ്റ് : തിരുവനന്തപുരവും വേദി

തിരുവനന്തപുരം: ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് മത്സരങ്ങള്‍ നടക്കുക. സെമിഫൈനല്‍ മത്സരങ്ങളിലൊന്നിനും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തന്നെ വേദിയാകാനാണ് സാധ്യത. ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബര്‍ 26ന് ഇന്ത്യ-ശ്രീലങ്ക മത്സരവും ഇവിടെ നടക്കാനാണ് സാധ്യത തെളിയുന്നത്. സെപ്റ്റംബര്‍ 25, 27 തീയതികളില്‍ രണ്ട് ഒരുക്ക മത്സരങ്ങളും ഇവിടെത്തന്നെയായിരിക്കും നടക്കുക.
യഥാര്‍ഥത്തില്‍ മാച്ചുകളുടെ ഫിക്‌സ്ചറില്‍ തിരുവനന്തപുരം ഉണ്ടായിരുന്നതല്ല. എ്ന്നാല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അടുത്തയിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വേദികളില്‍ മാറ്റം വരുത്തുകയായിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്തിനു നറുക്കുവീഴാനുള്ള സാഹചര്യമുണ്ടായത്.
വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂര്‍ ഇന്നലെ മുംബൈയില്‍ ആരംഭിച്ചു. ഇന്ത്യന്‍ ടീം കാപ്റ്റന്‍ ഹര്‍പ്രീത് കൗര്‍, ടീം അംഗങ്ങളായ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗ്‌സ്, ഐസിസി ചെയര്‍മാന്‍ ജെയ്ഷാ എന്നിവര്‍ ട്രോഫി ടൂര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. വിവിധ സ്റ്റേഡിയങ്ങളിലായി 31 മ്ത്സരങ്ങള്‍ ട്രോഫി ടൂറിന്റെ ഭാഗമായി നടക്കുന്നുണ്ട്.