ഭായിമാര്‍ പണ്ട്, ഇന്നവര്‍ അതുക്കും മേലേ

മൂവാറ്റുപുഴ: ഭായി എന്ന വാക്കിനു മലയാളത്തില്‍ നല്ല വേരോട്ടം കിട്ടുന്നത് അതിഥി തൊഴിലാളികള്‍ എന്നു സര്‍ക്കാര്‍ ഭാഷയില്‍ വിളിക്കുന്ന ഉത്തരേന്ത്യന്‍ തൊഴില്‍പടയുടെ കേരളത്തിലേക്കുള്ള വരവോടെയാണ്. ബീഹാറിയായാലും ആസാമിയായാലും ഒഡിയയായാലും ബംഗാളിയായാലും മലയാളിക്കവര്‍ ഭായിമാരാണ്. എന്നാല്‍ പഴയ ഭായിമാര്‍ ഇന്നു രൂപം മാറുകയാണ്. അവരില്‍ മിടുക്കന്‍മാര്‍ ബിസിനസ് സംരംഭകരായി മാറുന്നു. വിശേഷിച്ചും ഹോട്ടല്‍ ബിസിനസിലാണ് മുതലായിയുടെ കസേരയില്‍ മലയാളിക്കറിയാത്ത ഭാഷകള്‍ പറയുന്നവരെ കൂടുതലായി കാണുന്നത്.
മേശപ്പുറം തുടയ്ക്കാന്‍ മാത്രം ആദ്യം പ്രത്യക്ഷപ്പെട്ടവര്‍ പിന്നീടു വിളമ്പുകാര്‍ കൂടിയായി, അതു കഴിഞ്ഞ് വെപ്പുകാര്‍ കൂടിയായി, ഒടുവിലിതാ ഹോട്ടലുകാര്‍ കൂടിയായിരിക്കുന്നു. മൂവാറ്റുപുഴയ്ക്കടുത്ത് കോലഞ്ചേരിയില്‍ അടുത്തയിടെ തുറന്നൊരു റസ്‌റ്റോറന്റില്‍ ഒരൊറ്റ മലയാളി പോലുമില്ല, ആസാം ഹോട്ടല്‍ എന്ന പേരില്‍ പോലുമില്ല മലയാളിത്തം. മലയാളി ലോകത്ത് എല്ലാ സ്ഥലത്തും ചെന്ന് ഭക്ഷണശാലകള്‍ തുടങ്ങുന്നതും ഇവര്‍ ഇവിടെ വന്നു തുടങ്ങുന്നതും തമ്മില്‍ അന്തരമേറെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവരുടെ ഭക്ഷണ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യത്തിനു തന്നെ വലിയ വെല്ലുവിളിയായി മാറുകയാണെന്ന ആരോപണത്തില്‍ കഴമ്പേറെയുണ്ടുതാനും.
ശുചിത്വമാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. അടുക്കളയും സ്റ്റോര്‍ മുറിയും മുതല്‍ വയ്ക്കാനും വിളമ്പാനും വരുന്നവരുടെ വേഷം വരെ ശുചിത്വത്തിന്റെ മലയാളി ശീലിച്ച രീതികളെക്കാള്‍ വളരെ പിന്നാക്കമാണ്. എന്നാല്‍ ഇതിനിടയിലും കച്ചവടം നടത്താന്‍ ഇവര്‍ക്കു നന്നായി സാധിക്കുന്നതിനു മൂന്നു കാരണങ്ങളാണുള്ളത്. ഒന്നാമത്തേത് കേരളത്തില്‍ വര്‍ധിച്ചു വരുന്ന അന്യസംസ്ഥാന ജനസംഖ്യ. അവരുടെ കച്ചവടം മാത്രം കൊണ്ട് ഒരു ഭക്ഷണശാല തരക്കേടില്ലാതെ നടന്നുപോകും. രണ്ടാമത്തെ ഘടകം വിലക്കുറവാണ്. മലയാളി ഒരു പൊറോട്ടയ്ക്കു പന്ത്രണ്ടു രൂപ മുതല്‍ മുകളിലേക്കു വാങ്ങിയാല്‍ ഇവര്‍ പത്തു രൂപയ്ക്കു വില്‍ക്കും. ചപ്പാത്തിയുടെ കാര്യത്തില്‍ ഇതു സംസ്ഥാനത്തൊക്കെ വ്യക്തമായിക്കഴിഞ്ഞതാണ്. മൂന്നാമത്തെ കാര്യം വിശപ്പിനു മുന്നില്‍ ഭക്ഷണം മാത്രമേ ഉത്തരമുള്ളൂ എന്നതാണ്. സാധാരണ ഹോട്ടല്‍ വ്യവസായത്തില്‍ നിന്നു ലാഭസാധ്യത കുറവായതുകൊണ്ട് മലയാളികള്‍ മുഴുവന്‍ പിന്‍വാങ്ങുകയാണ്. ആ ഒഴിവിലേക്കാണിവര്‍ വന്നു കയറുന്നത്. യാത്രയ്ക്കിടയില്‍ വിശന്നാല്‍ താങ്ങാവുന്ന വിലയ്ക്ക് ഏറ്റവുമടുത്തു നിന്നു ഭക്ഷണം കഴിക്കാന്‍ മാത്രമാണ് സാധാരണ ജനം തയാറാകുക.
എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മറ്റും ഉത്തരവാദിത്വമില്ലായ്മയാണ് അപലപിക്കപ്പെടേണ്ട ഒരു കാര്യം. നാനാതരം ലൈസന്‍സുകളും ആരോഗ്യരേഖകളും ആവശ്യമായ ഭക്ഷണ നിര്‍മാണ വിതരണ രംഗത്ത് ഇവര്‍ ഒരിക്കലും പരിശോധനയ്ക്കു വിധേയരാകാറില്ലെന്നു ജനപ്രതിനിധികള്‍ പോലും പറയുന്നു. ഇവരുടെ ഭാഷയിലുള്ള അറിവു കുറവാണ് പലപ്പോഴും ഉദ്യോഗസ്ഥരെ പിന്നോട്ടു വലിക്കുന്നത്. ആരെ നോക്കിയാലും ഒരുപോലെ, എല്ലാവരുടെയും പേരും ഒരുപോലെ, കടുംകൈ വല്ലതും ചെയ്ത് അടുത്ത ഗുവാഹതി എക്‌സ്പ്രസില്‍ ലോക്കല്‍ ടിക്കറ്റ് എടുത്ത് ഇവര്‍ കയറിപ്പോയാല്‍ പിന്നെ കണ്ടെത്തുക പോലും അസാധ്യം. അതിനാലാണ് അനാവശ്യത്തില്‍ തലയിടാത്തതെന്നു തുറന്നു സമ്മതിക്കുന്നത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവര്‍ തന്നെ.