മുഴ, വൃക്കയുടെ ഡബിള്‍, കൊച്ചിയില്‍ ശസ്ത്രക്രിയ

കൊച്ചി: മനുഷ്യന്റെ വൃക്കയുടെ സാധാരണ വലുപ്പത്തിന്റെ ഇരട്ടിയിലേറെ വലുപ്പമുള്ളൊരു മുഴ അറുപത്തിനാലുകാരന്റെ വൃക്കയില്‍ നിന്നു കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രി. സാധാരണയായി മനുഷ്യന്റെ വൃക്കയുടെ വലുപ്പം കണക്കാക്കുന്നത് ചുരുട്ടിപ്പിടിച്ച മുഷ്ടിയുടെ വലുപ്പമെന്ന ഏകദേശ കണക്കുവച്ചാണ്. അതായത് 10 മുതല്‍ 12 വരെ സെന്റിമീറ്റര്‍ എന്നു പൊതുവേ പറയാം. എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തു നീക്കിയ വൃക്കയുടെ വലുപ്പമാകട്ടെ 22 സെന്റമീറ്റര്‍. ലഭ്യമായ ആധികാരിക മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ട വൃക്കയുടെ പരമാവധി വലുപ്പം 21 സെന്റിമീറ്റര്‍ മാത്രമാമെണന്നറിയുന്നു. ആ കണക്ക് ശരിയാണെങ്കില്‍ ലോക റെക്കോര്‍ഡ് എന്നു കൊച്ചി സണ്‍റൈസ് ആശുപത്രിയിലെ ശസ്ത്രക്രിയയെ വിളിക്കണം.
ചികിത്സയ്ക്കു വിധേയനായ രോഗിക്ക് 64 വയസ് പ്രായമായതിനാലാണ് തുറന്നുള്ള ശസ്ത്രക്രിയയ്ക്കു പകരം താക്കോല്‍ദ്വാര ശസ്ത്രക്രിയ മതിയെന്ന് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുന്നത്. ശസ്ത്രക്രിയയ്ക്കുമുമ്പുള്ള പരിശോധനകളില്‍ തന്നെ ട്യൂമറിന്റെ വലുപ്പം ഇത്രയേറെയായിരിക്കുമെന്ന സൂചന ലഭിച്ചിരുന്നു. അതിനാല്‍ വേണ്ടത്ര മുന്നൊരുക്കങ്ങളോടെയാണ് ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജമാക്കിയതു തന്നെ.
ആശുപത്രിയിലെ യൂറോളജി, മിനിമല്‍ ആക്‌സസ് ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളുടെ സംയുക്ത പങ്കാളിത്തതോടെയായിരുന്നു ശസ്ത്രക്രിയ. ലഭ്യമായ എല്ലാ അത്യാധുനീക സാങ്കേതികവിദ്യകളും ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. മിനിമല്‍ ആക്സ്സ്്് സര്‍ജറി വിഭാഗത്തിലെ ഡോ.പ്രശാന്ത്, യൂറോളജി വിഭാഗത്തിലെ ഡോ. മഹേഷ് , ഡോ.ആദില്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ഷാജി എന്നിവര്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി.