പലിശ നിരക്കു കുറയുമോ, ഇന്നറിയാം.

സിഡ്‌നി: ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പുതിയ കാഷ്‌റേറ്റ് ലക്ഷ്യം ഇന്നു പ്രഖ്യാപിക്കാനിരിക്കേ മിക്ക സാമ്പത്തിക വിദഗ്ധരും നാലു പ്രമുഖ ബാങ്കുകളും പ്രവചിക്കുന്നത് പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തുന്ന പ്രഖ്യാപനമാണ്. എന്തു കൊണ്ടാണ് ഇവരെല്ലാം ഏകകണ്ഠമായി ഇങ്ങനെ പ്രവചിക്കുന്നതെന്നറിയേണ്ടേ.
ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനമായ ബീറ്റാഷെയേഴ്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്റെ കാഴ്ചപ്പാടില്‍ പലിശനിരക്കില്‍ ഇളവു പ്രഖ്യാപിക്കേണ്ട സമയം ഇതിനകം വൈകിപ്പോയിരിക്കുന്നു. തൊഴില്‍ വിപണിയുടെ ശോഷണവും സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദത്തിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിന്റെ വെല്ലുവിളിയും നേരിടണമെങ്കില്‍ പലിശനിരക്കുകള്‍ കുറയേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് കൂടുതലായി വായ്പയെടുക്കാന്‍ പണമിറക്കുന്നവര്‍ക്കു സാധിക്കൂ. എന്നു മാത്രമല്ല, നാലു മുന്‍നിരബാങ്കുകള്‍ ഇപ്പോള്‍ തന്നെ കുറഞ്ഞ നിരക്കിലുള്ള പലിശയിലേക്കു മാറുകയും ചെയ്തിരിക്കുന്നു.
സാമ്പത്തിക കാര്യ വെബ്‌സൈറ്റായ കാന്‍സ്റ്റാര്‍ കണക്കാക്കുന്നതനുസരിച്ച് അഞ്ചുലക്ഷം ഡോളറിന്റെ വ്ായ്പാ ബാധ്യതയുള്ളൊരാള്‍ക്ക് കാല്‍ ശതമാനം പലിശയിളവ് പോലും ആകര്‍ഷമാണ്. കാരണം ഇതിലൂടെ പ്രതിമാസം എഴുപത്തഞ്ച് ഡോളറിന്റെ ലാഭമുണ്ടാക്കാന്‍ അയാള്‍ക്കു സാധിക്കുന്നു. അര്‍എസ്എം ഓസ്‌ട്രേലിയ എന്ന സാമ്പത്തിക കാര്യ സ്ഥാപനത്തിലെ വിദഗ്ധയായ ദേവിക ശിവദേക്കറിന്റെ കാഴ്ചപ്പാടില്‍ വിവിധ മേഖലകളില്‍ പണമിറക്കുന്നവര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തണമെങ്കില്‍ പലിശ നിരക്കു കുറയ്ക്കുക മാത്രമല്ല, തുടര്‍ന്നും ഇതേ രീതിയിലുള്ള കുറവു വരുമെന്ന തോന്നലുണ്ടാക്കുകയും വേണം. ദേവികയുടെ കാഴ്ചപ്പാടില്‍ ഇതിന്റെ ഏറ്റവും വലിയ മെച്ചം ലഭിക്കുക ബിസിനസുകള്‍ക്കായിരിക്കും. വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിന് ഇത്തരമൊരു നീക്കം ഇടയാക്കും.