കാന്‍ബറ: കാനഡയ്ക്കും ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പിന്നാലെ പലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിക്കാന്‍ ഓസ്‌ട്രേലിയയും. അടുത്ത മാസം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി സമ്മേളിക്കുമ്പോള്‍ പലസ്തീന്‍ രാജ്യത്തെ ഓസ്‌ട്രേലിയ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി പ്രഖ്യാപിച്ചു. സ്വന്തമായൊരു രാജ്യമുണ്ടാകുക എന്ന പലസ്തീന്‍ ജനതയുടെ അവകാശത്തെ ഓസ്‌ട്രേലിയ അംഗീകരിക്കുന്നതായി കാന്‍ബറയില്‍ ഒരു പത്രസമ്മേളനത്തില്‍ അല്‍ബനീസി അനന്ദിഗ്ധമായി പ്രഖ്യാപിച്ചു. രാജ്യാന്തര സമൂഹത്തോടു ചേര്‍ന്നു നിന്നുകൊണ്ട് ആ ജനതയുടെ അവകാശത്തെ ഒരു യാഥാര്‍ഥ്യമാക്കാന്‍ ഓസ്‌ട്രേലിയയുമുണ്ടാകും. കാന്‍ബറയില്‍ ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 140 എണ്ണവും പലസ്തീനെ അംഗീകരിക്കുന്നവയാണ്. മധ്യേഷ്യയിലെ അക്രമത്തിന്റെ തുടര്‍ച്ച അവസാനിക്കണമെങ്കില്‍ ദ്വിരാഷ്ട്ര സമീപനത്തെ അംഗീകരിച്ചേ മതിയാകൂ. ഇതില്‍ മാത്രമാണ് മാനവരാശിയുടെ പ്രതീക്ഷ ഈ ഘട്ടത്തില്‍ കുടികൊള്ളുന്നത്. ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന അതിര്‍ത്തിരേഖയ്ക്ക് ഇരുപുറവുമായി രണ്ടു രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും സഹവര്‍ത്തിത്വത്തില്‍ കഴിയുക എന്നതു മാത്രമാണ് ഈ മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ഏക് മാര്‍ഗം. അല്‍ബനീസി പ്രഖ്യാപിച്ചു.
പലസ്തീനെ അംഗീകരിക്കാന്‍ ഓസ്‌ട്രേലിയയും
