ഒരു കുട്ടി ജീവനൊടുക്കി, പന്ത്രണ്ടുപേര്‍ക്ക് പണിപോയി

വാഷിംഗ്ടന്‍: ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ ഒരു ബാലിക ആത്മഹത്യ ചെയ്താല്‍ ഇന്ത്യയില്‍ എന്തു സംഭവിക്കും. എന്തു സംഭവിക്കാന്‍? പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. എന്നാല്‍ അമേരിക്കയില്‍ വാഷിംഗണിലെ പ്രോവിഡന്‍സ് സേക്രഡ് ഹാര്‍ട്ട് ആശുപത്രിയില്‍ ഒരു പന്ത്രണ്ടുകാരി നാലാം നിലയില്‍ നിന്നു ചാടി ജീവനൊടുക്കിയപ്പോള്‍ പണി പോയത് പന്ത്രണ്ടു നഴ്‌സുമാര്‍ക്കാണ്. സാറാ നിയിംബോണ എന്ന ആത്മഹത്യാപ്രവണതയുള്ളൊരു കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനു മുമ്പും പല തവണ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം തന്നെ അഡ്മിറ്റായിരുന്നു, എല്ലായ്‌പോഴും കാരണം ഒന്നു തന്നെ-ആത്മഹത്യാശ്രമം.
ഇങ്ങനെയൊരു രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ പാലിക്കേണ്ട നടപടിക്രമത്തില്‍ വീഴ്ചയുണ്ടായി എന്ന ചാര്‍ജിലാണ് പന്ത്രണ്ടു നഴ്‌സുമാരെ പിരിച്ചു വിട്ടിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണം നല്‍കുന്നതിലും വീഡിയോ മോനിട്ടറും ഡോര്‍ അലാമും സൂക്ഷിക്കുന്നതിലും രാത്രി നിരീക്ഷണം ഉറപ്പു വരുത്തുന്നതിലും ഇവര്‍ പരാജയപ്പെട്ടുവെന്നാണ് പിരിച്ചുവിടലിനുള്ള നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
രാത്രിയില്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് സര്‍വരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ സാറ മുറിവിട്ടിറങ്ങിയ ശേഷം നാലാം നിലയില്‍ നിന്നു താഴേക്കു ചാടുകയായിരുന്നത്രേ. തല്‍ക്ഷണം മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ആശുപത്രിയുടെ അശ്രദ്ധയ്‌ക്കെതിരേ കോടതിയിലേക്കു നീങ്ങിയിരിക്കുകയാണ്.