ലണ്ടന്‍: അര്‍ബുദത്തോടു ധീരമായി പൊരുതി നില്‍ക്കുന്ന ചാള്‍സ് രാജാവിന്റെ ആരോഗ്യസംരക്ഷണത്തില്‍ ചെറുതല്ലാത്ത സ്ഥാനം അദ്ദേഹത്തിന്റെ ലാളിത്യം നിറഞ്ഞ ഭക്ഷണരീതിക്കുണ്ടെന്ന് കൊട്ടാരത്തിലെ മുന്‍ പാചകക്കാരന്‍ ഡാരന്‍ മക്‌ഗ്രേഡിയുടെ സാക്ഷ്യം. പ്രധാനമായും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെഡിറ്ററേനിയന്‍ ഭക്ഷണരീതിയാണ് വളരെ കൃത്യതയോടെ രാജാവ് പിന്തുടരുന്നത്.
ഈ ഭക്ഷണരീതിയുടെ തനതു സ്വഭാവമനുസരിച്ച് ആരോഗ്യകരമായ കൊഴുപ്പ് നിശ്ചിത അളവിലും വളരെ ചെറിയ തോതില്‍ മീനും കോഴിയിറച്ചിയും. ഇതാണ് രാജാവിന്റെ ഭക്ഷണക്രമം. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ പൊതുവേ ഉച്ചഭക്ഷണമില്ല. കുറച്ചു നേരത്തെ ലളിതമായ ഭക്ഷണം കഴിച്ച് ആഹാരത്തോട് അന്നത്തേക്കു വിടപറയും. എന്തായാലും ്അര്‍ബുദത്തെ വകവയ്ക്കാതെ ഇപ്പോഴും വളരെ സജീവമായി ഉത്തരവാദിത്വങ്ങളെല്ലാം നിറവേറ്റുന്നതിന് രാജകുമാരനെന്ന പേരില്‍ മാത്രം നമുക്കു പരിചിതനായ ചാള്‍സ് മൂന്നാമന്‍ രാജാവിനു സാധിക്കുന്നു. ഇപ്പോള്‍ 76 വയസു പിന്നിടുന്ന രാജാവ് ജങ്ക് ഭക്ഷണങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല കാപ്പി പോലും ഒഴിവാക്കിയിരിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണമെന്നാല്‍ പ്രധാനമായും ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും മാത്രം.
ചാള്‍സ് രാജാവിനു മാത്രമല്ല, അന്തരിച്ച എലിസബത്ത് രാജ്ഞിക്കും ഭക്ഷണം പാചകം ചെയ്തിരുന്നത് മക്‌ഗ്രേഡി തന്നെയായിരുന്നു. സ്വന്തം ഹൈഗ്രോവ് എസ്‌റ്റേറ്റില്‍ ജൈവരീതിയില്‍ വിളഞ്ഞ പ്ലം പഴങ്ങളോടു മാത്രമാണ് രാജാവിനു അളവില്‍ കവിഞ്ഞ താല്‍പര്യമെങ്കില്‍ എലിസബത്ത് രാജ്ഞി ചോക്കലേറ്റുകളുടെ വലിയ ആരാധികയായിരുന്നുവെന്ന് ഇദ്ദേഹം ഓര്‍മിച്ചെടുക്കുന്നു.
അര്‍ബുദത്തോടു പൊരുതാന്‍ രാജാവിന് ലളിത ഭക്ഷണം
