അധിക്ഷേപമല്ല, ആധുനിക കവിത-വിനായകന്‍

കൊച്ചി: പുലിവാലു പിടിക്കാതെ നൈസായി തലയൂരാന്‍ നടന്‍ വിനായകന്റെ ശ്രമം. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതനുസരിച്ച് വിനായകന്‍ ഇന്നു സൈബര്‍ പോലീസില്‍ ഹാജരായെങ്കിലും അധിക്ഷേപ പോസ്റ്റുകളെ ആധുനിക കവിതകളെന്നു തടിരക്ഷിക്കാനായിരുന്നു ശ്രമം. സംഭവം വിവാദമായപ്പോള്‍ തന്നെ വിനായകന്‍ പോസ്റ്റുകള്‍ പിന്‍വലിച്ച് സ്വയം പിന്‍വാങ്ങാന്‍ ശ്രമം തുടങ്ങിയിരുന്നതാണ്. എങ്കിലും സൈബര്‍ പോലീസ് അന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു.
വിഎസിന്റെ മരണവുമായി ബന്ധപ്പെട്ടു പങ്കുവച്ച പോസ്റ്റും അതിനു മുന്‍പ് പങ്കുവച്ചിരുന്ന മറ്റൊരു അധിക്ഷേപകരമായ പോസ്റ്റുമാണ് പോലീസിന്റെ അന്വേഷണത്തിനു വിഷയമായിരുന്നത്. ഇവ സംബന്ധിച്ച് സൈബര്‍ പോലീസില്‍ പരാതി ലഭിച്ചിരുന്നു. രാവിലെ പതിനൊന്നോടെയാണ് വിനായകന്‍ ചോ്ദ്യം ചെയ്യലിനു ഹാജരായത്. ചോദ്യം ചെയ്തതിനു പുറമെ ഇയാളുടെ ഫോണും പോലീസ് പരിശോധിച്ചു.
യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരെയും ഏതാനും മാധ്യമപ്രവര്‍ത്തകരെയും വിനായകന്‍ നേരത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നതാണ്. ഇവ വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ആധുനിക കവിത എന്ന നിലയിലാണ് അത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതെന്ന വാദമാണ് വിനായകന്‍ മുന്നോട്ടു വച്ചത്.