തിരുവനന്തപുരം: ഒപ്പം പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പിന്നില്‍ നിന്നു കുത്തുകയായിരുന്നെന്ന് സംസ്ഥാനത്തെ ആരോഗ്യരംഗം സംബന്ധിച്ച് സാമൂഹ്യ മാധ്യമത്തില്‍ തുറന്നെഴുത്ത് നടത്തിയ ഡോ. ഹാരിസ് ചിറയ്ക്കല്‍. ഇങ്ങനെയൊരു ചതി താന്‍ തീരെ പ്രതീക്ഷിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ഡോ. ഹാരിസ് വികാരാധീനനായി പ്രതികരിച്ചു. തന്നോടു സംസാരിച്ച് ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞവര്‍ തന്നെയാണ് പിന്നീടു നടന്ന പത്രസമ്മേനത്തില്‍ തന്നെ കുറ്റക്കാരനായി ചിത്രീകരിച്ചത്. ഇത്തരം പ്രവര്‍ത്തനം ശരിയല്ല. ഈ രംഗം മുന്നോട്ടു കൊണ്ടുപോകാന്‍ ഇവരുടെയൊക്കെ സഹകരണം ഇനിയും ആവശ്യമുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു.
‘എന്നോടു നേരിട്ടോ ഫോണ്‍ മുഖേനയോ ആരെങ്കിലും മുഖാന്തരമോ ഒരു വാക്ക് ചോദിക്കാമായിരുന്നു. അത് തേടിയില്ല. മാധ്യമങ്ങളോട് താന്‍ നേരിട്ടു സംസാരിച്ചതാകാം അവര്‍ക്കു പ്രകോപനമായത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നറിയില്ല. പരിശോധന നടത്തിയ സമയത്ത് എന്നോടു ഒന്നു ചോദിക്കാമായിരുന്നു. എന്നോടു സംസാരിച്ച് ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞവരാണ് വാര്‍ത്താസമ്മേളനത്തില്‍ എനിക്കെതിരായി സംസാരിച്ചത്.’ ഡോ. ഹാരിസ് പറഞ്ഞു.
നേരത്തെ കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ സാമൂഹ്യ മാധ്യമ ഗ്രൂപ്പിലും ഡോ. ഹാരിസ് ചില കാര്യങ്ങള്‍ തുറന്നെഴുതിയിരുന്നു. ചില സഹപ്രവര്‍ത്തകര്‍ തന്നെ മരണത്തിലേക്കു വരെ നയിച്ചുവെന്നും അവര്‍ക്ക് കാലം മാപ്പു തരട്ടെയെന്നുമാണ് അവിടെ ഡോ. ഹാരിസ് കുറിച്ചത്. ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലിലടയ്ക്കാന്‍ വരെ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഈ കുറിപ്പില്‍ ഉന്നയിച്ചിട്ടുണ്ട്. സാധാരണക്കാരനു വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെ നിന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രതിജ്ഞയ്ക്ക് വിരുദ്ധമായി പ്രവര്ത്തിക്കുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
പിന്നില്‍ നിന്നു സുഹൃത്തുക്കള്‍ കുത്തി-ഡോ. ഹാരിസ്
