ഗാസ സിറ്റി: ഇസ്രേലി പോര്‍വിമാനങ്ങള്‍ ഗാസ സിറ്റിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ടീമില്‍ ഉള്‍പ്പെട്ട അനസ് അല്‍ ഷരീഫ്, മുഹമ്മദ് കുറെയ്ഷ്, ഇബ്രാഹിം സഹൈര്‍, മൊഅമന്‍ അലിവ, മുഹമ്മദ് നൗഫല്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഭീകരപ്രവര്‍ത്തകനാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്കു സമീപം മാധ്യമപ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്യുന്ന ടെന്റിനു നേരെയായിരുന്നു ഇസ്രയേലിന്റെ ബോംബാക്രമണം. ആശുപത്രിയുടെ പ്രധാന ഗേറ്റിനോടു ചേര്‍ന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ടെന്റ്.
മാധ്യമസംഘത്തിലുണ്ടായിരുന്ന അനസ് അല്‍ ഷെരീഫ് ഭീകരപ്രവര്‍ത്തനാണെന്നാണ് ഇസ്രയേലിന്റെ വാദം. ഹമാസിലെ ഭീകരവാദികളുടെ ഒരു സംഘത്തിനു നേതൃത്വം നല്‍കിയിരുന്നത് ഇയാളാണത്രേ. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സൗകര്യം കിട്ടാനായി മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു കഴിഞ്ഞിരുന്നത്. താമസവും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു-ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ഷെരീഫിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തങ്ങളുടെ വാദത്തിനു തെളിവായി ഷെരീഫ് വീഡിയോ ചിത്രീകരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും മറ്റും അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഗാസയിലെ യുദ്ധം തുടങ്ങിയതിനു ശേഷം ഇതുവരെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇരുനൂറു കടന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടു
