അവധി തീരുന്നു, ആകാശത്തു തീവെട്ടിക്കൊള്ള

കോഴിക്കോട്: കാറ്റുള്ളപ്പോള്‍ പാറ്റണമെന്നു വിമാനക്കമ്പനികളെ ആരും പഠിപ്പിക്കേണ്ട. ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കൊള്ളലാഭമെടുക്കാനുള്ള അവസരം കൈവിട്ടു പോകാതെ കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാനക്കമ്പനികള്‍. മധ്യവേനലവധിക്കു ശേഷം ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ ഒന്നിനാണ്. അവധിയാഘോഷിക്കാന്‍ നാട്ടിലെത്തിയിരിക്കുന്ന പ്രവാസി കുടുംബങ്ങളുടെ തിരിച്ചു പോക്കിന്റെ ദിവസങ്ങളാണ് ഇനി വരുന്നത്. ഈ അവസരം മുതലാക്കിയാണ് കൊള്ള ആരംഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ തന്നെ ടിക്കറ്റിന് സാധാരണയെക്കാള്‍ മൂന്നിരട്ടി വരെ വില ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഓഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം ഇടയ്ക്ക് സ്റ്റോപ്പില്ലാത്ത ഫ്‌ളൈറ്റ് എന്നിവയനുസരിച്ച് നിരക്ക് വീണ്ടും ഉയരും. ദുബായ്ക്ക് സാധാരണ ടിക്കറ്റ് നിരക്ക് പതിനായിരം രൂപയാണെങ്കില്‍ ഇപ്പോഴത് നാല്‍പതിനായിരം രൂപയായി ഉയര്‍ന്നിരിക്കുന്നു. അതായത് അവധിക്ക് അമ്മയും രണ്ടു കുട്ടികളും കൂടി നാട്ടില്‍ വന്നിട്ട് ഇപ്പോള്‍ തിരികെ പോകണമെങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ കൊടുക്കേണ്ടതായി വരും. വെറു മുപ്പതിനായിരം രൂപയില്‍ തീരേണ്ട യാത്രയുടെ അവസ്ഥയാണിത്. ഇക്കണോമി ടിക്കറ്റുകളിലെ അവസ്ഥയാണിത്. ഖത്തര്‍ എയര്‍വേസില്‍ അബുദാബിയിലേക്ക് ഒരാള്‍ക്ക് എഴുപതിനായിരം രൂപ വരെയാണ് ടിക്കറ്റ് നിരക്കെത്തിയിരിക്കുന്നത്. സാധാരണ നിരക്കിനെക്കാള്‍ അറുപതിനായിരം രൂപ കൂടുതലാണിത്. സ്‌കൂള്‍ തുറന്നു കഴിഞ്ഞാല്‍ യാത്രക്കാരുടെ തിരക്ക് കുറയും അപ്പോള്‍ ടിക്കറ്റ് നിരക്കുകളും മെല്ലെ താഴേക്കിറങ്ങും.
ഗള്‍ഫില്‍ തിരിച്ചെത്തിക്കഴിഞ്ഞാലും സ്‌കൂള്‍ തുറപ്പ് എന്നത് നാട്ടിലെപ്പോലെ വളരെ ചെലവേറിയ കാര്യം തന്നെയാണ്. പരിമിത വരുമാനക്കാരന്‍ അതിനു മുഴുവനുള്ള വഴി കണ്ടെത്തുന്നതിനു പുറമെ വേണം ടിക്കറ്റിന്റെ കൊള്ള കൂടി താങ്ങാന്‍. വിമാനക്കമ്പനികളെ നിലയ്ക്കു നിര്‍ത്താന്‍ ഭരണ തലത്തിലുള്ള ഇടപെടല്‍ കൂടിയേ തീരൂവെന്നാണ് യാത്രക്കാരുടെ പക്ഷം.