പലിശഭാരം കുറഞ്ഞാലും വീടിന് അടി കിട്ടിയേക്കും

സിഡ്‌നി: നാളെ ചേരുന്ന ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് യോഗം പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവു വരുത്തുമെന്ന പ്രതീക്ഷയാണുള്ളത്. നിലവിലുള്ള 3.85ല്‍ നിന്ന് 3.6ലേക്ക് പലിശ നിരക്കുകള്‍ താഴ്ത്തുന്ന സാഹചര്യം വരുന്നതിനെ ഇരുതലമൂര്‍ച്ചയുള്ള വാളെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. വായ്പകളില്‍ ഊന്നി ആസ്തികള്‍ വികസിപ്പിക്കുന്നവര്‍ക്ക് ഗുണകരമെന്നു പൊതുവേ കരുതപ്പെടുമ്പോഴും അതിനു കാണാപ്പുറങ്ങള്‍ ഏറെയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.
പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും വരുതിയിലാക്കുക എന്ന വലിയ വെല്ലുവിളിയാണ് റിസര്‍വ് ബാങ്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനായുള്ള പരിശ്രമത്തിന്റെ ഭാഗമാണ് വായ്പാനിരക്കുകളില്‍ വരുത്താന്‍ പോകുന്ന മാറ്റവും. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ നിരീക്ഷണമനുസരിച്ച് ജൂണില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ പണപ്പെരുപ്പത്തിന്റെ തോത് 2.4ല്‍ നിന്ന് 2.1ലേക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യ സൈറ്റായ കാന്‍സ്റ്ററിലെ വിദഗ്ധയായ സാലി ടിന്‍ഡാലിന്റെ അനുമാനപ്രകാരം ഈ നടപടിയുടെ മെച്ചം ഏറ്റവുമധികം ലഭിക്കുക വായ്പയെടുത്ത് കാര്യങ്ങള്‍ നടത്തുന്നവര്‍ക്കായിരിക്കും.
ഉദാഹരണത്തിന് വായ്പയെടുത്ത് വീടു വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് വായ്പാ നിരക്ക് താഴുന്നത് നിശ്ചയമായും ഗുണം ചെയ്യും. എന്നാല്‍ വീടിന്റെ വില ഉയരാനും കൂടിയ വായ്പാ ലഭ്യത ഇടവരുത്തിയേക്കാമെന്ന ആശങ്കയും അവര്‍ ഈ നിരീക്ഷണത്തിനൊപ്പം പങ്കു വയ്ക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ഓസ്‌ട്രേലിയ കടുത്ത ഭവന ക്ഷാമത്തിലാണുള്ളത്. കീശയ്ക്കു കൂടുതല്‍ കനമുള്ളവര്‍ കൂടുതല്‍ വായ്പകള്‍ കൂടിയെടുത്ത് വീടുകള്‍ വാങ്ങാന്‍ കളത്തിലിറങ്ങിയാല്‍ നിലവിലുള്ള ഭവനക്ഷാമം ഇപ്പോഴത്തേതിനെക്കാള്‍ വര്‍ധിക്കുകയേയുള്ളൂ. ഈ പ്രശ്‌നം ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് തലസ്ഥാന നഗരങ്ങളായ സിഡ്‌നിയെയും മെല്‍ബണിനെയുമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കു കൂട്ടുന്നു. ബ്രിസ്‌ബേനില്‍ ഭവനവില വര്‍ധന എട്ടു ശതമാനവും പെര്‍ത്തില്‍ ഏഴു ശതമാനവും അഡലെയ്ഡില്‍ ആറു ശതമാനവുമായേക്കും.
വീടുവാങ്ങാന്‍ നോക്കുന്നവരെക്കാള്‍ പ്രതിസന്ധിയിലാകാന്‍ പോകുന്നത് വീടു വാടകയ്ക്കു നോക്കുന്നവരായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം നാലര ശതമാനം എന്ന തോതിലാണ് വീട്ടു വാടക ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിലുമധികമായി വാടക ഉയരുന്നത് പരിമിത വരുമാനക്കാര്‍ക്ക് താങ്ങാവുന്നതിലുമേറെയായി മാറിയേക്കാം. വീടുകള്‍ വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിക്കുന്നതനുസരിച്ച് വാടകയിലും തദനുസൃതമായ വര്‍ധന വരുത്താന്‍ വീടുടമകള്‍ ശ്രമിക്കുമെന്നതാണ് വാടക വര്‍ധനയുടെ പിന്നിലുള്ള യഥാര്‍ഥ കാരണം.