കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നു മദ്യം ഓണ്‍ലൈനായി വില്‍ക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയരുന്നു. കടുത്ത മദ്യവിരുദ്ധ നിലപാടുകളുള്ള കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലാണ് (കെസിബിസി) ആദ്യത്തെ പ്രതിഷേധവുമായെത്തിയത്. സര്‍ക്കാരിന്റേത് വ്യാമോഹമാണെന്നും ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നുമാണ് കെസിബിസി നല്‍കുന്ന മുന്നറിയിപ്പ്. മദ്യനയത്തില്‍ ഇടതുപക്ഷം ജനപക്ഷമായി മാറണം-കെസിബിസി ആവശ്യപ്പെട്ടു. മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കുന്ന നയമാണ് ഡോര്‍ ഡെലിവറിക്കായി ഇപ്പോള്‍ നടക്കുന്ന നീക്കമെന്ന് കെസിബിസി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡെലിവറി ഏജന്‍സിയുടെ സഹകരണത്തോടെ വീട്ടുപടിക്കല്‍ മദ്യം എത്തിച്ചുകൊടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇത്തരം പരിപാടിയുമായി സഹകരിക്കാനുള്ള താല്‍പര്യം സ്വിഗ്ഗി അറിയിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കായി ബെവ്‌കോയുടെ മൊബൈല്‍ ആപ് തയാറായി വരികയുമാണ്.
ഓണ്‍ലൈനില്‍ മദ്യം, കെസിബിസി എതിര്‍പ്പ് അറിയിച്ചു
