അപര്‍ണയോടി, ആംബുലന്‍സിന് വഴി തെളിക്കാന്‍

തൃശൂര്‍: മനുഷ്യത്വമില്ലായ്മയുടെ ചോര മരവിപ്പിക്കുന്ന കഥകള്‍ നാട്ടിലെമ്പാടും പല രൂപത്തില്‍ പരക്കുന്ന ഇക്കാലത്ത് വേറിട്ട മാതൃകയാകുകയാണ് തൃശൂരിലെ എഎസ്‌ഐ അപര്‍ണ ലവകുമാര്‍. ഇന്നലെ തൃശൂര്‍ അശ്വനി ജംഗ്ഷന്‍ പ്രദേശത്ത് വഴിയാത്രക്കാരും മറ്റു വാഹനങ്ങളിലുള്ളവരും കണ്ടത് ഒരു ആംബുലന്‍സിനു കടന്നു പോകാന്‍ വേണ്ടി ഒരു ചുവടു നില്‍ക്കാതെ ഓടി വഴിതെളിക്കുന്ന അപര്‍ണയെയാണ്.

അത്യാസന്ന നിലയിലുള്ള രോഗിയുമായി തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അപര്‍ണ കാണുന്നത് റോഡില്‍ നിറഞ്ഞ മറ്റുവാഹനങ്ങള്‍ക്കിടയില്‍ ഞെരുങ്ങുന്ന ആംബുലന്‍സിനെയാണ്. പിന്നെയൊന്നും ചിന്തിച്ചില്ല, റോഡ് ബ്ലോക്ക് തീരുന്നതു വരെ ആംബുലന്‍സിനു മുന്നില്‍ അപര്‍ണയുണ്ടായിരുന്നു.


അപര്‍ണയെ അറിയുന്നവരാരും ഇതില്‍ അശേഷം അതിശയിക്കില്ല. ഇതിനു മുമ്പ് അപര്‍ണ വാര്‍ത്തകളില്‍ നിറഞ്ഞതും മറ്റൊരു ആശുപത്രി സംഭവത്തിലായിരുന്നു. ചികിത്സയ്ക്കിടെ മരിച്ചു പോയൊരു സ്ത്രീയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നേറ്റുവാങ്ങാന്‍ പണമില്ലാതെ ബന്ധുക്കള്‍ വ്യസനിക്കുന്നതു കണ്ട അപര്‍ണ രണ്ടാമതൊന്നാലോചിക്കാതെ ചെയ്തത് കൈയില്‍ കിടന്ന സ്വര്‍ണ വളയൂരി അവര്‍ക്ക് പണയം വയ്ക്കാന്‍ നല്‍കുകയായിരുന്നു. രോഗികളുടെ ഏതൊരു പ്രശ്‌നത്തിലും ഇവര്‍ ഒപ്പമുണ്ടായിരിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. മറ്റൊരിക്കല്‍ കാന്‍സര്‍ രോഗികളുടെ ചികിത്സാധന സ്വരൂപണത്തിന് തല മൊട്ടയടിച്ച് സ്വന്തം മുടി മുഴുവന്‍ മുറിച്ചു കൊടുത്ത സംഭവവും ഇവരുടെ പേരിലുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായും വീട്ടമ്മയുമായിരിക്കെ പിഎസ്‌സി പരീക്ഷയെഴുതി പോലീസില്‍ കയറിയതാണ് അപര്‍ണയുടെ സര്‍വീസ് ഹിസ്റ്ററി.